അഞ്ചല്‍: ജില്ലയിലെ കിഴക്കന്‍ മേഖലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയില്‍ പാര്‍ട്ടിക്ക് അടിപതറുന്നു. സ്വന്തം പാര്‍ട്ടി അംഗങ്ങളെപ്പോലും പ്രത്യയശാസ്ത്ര ഉഗ്രശാസനങ്ങളാല് വിറപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്തവര്‍ക്കാണ് ഇസ്ലാമികതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അടിയേല്‍ക്കുന്നത്.
സിപിഎമ്മല്ലാതെ ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനത്തേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കമ്മ്യൂണിസ്റ്റ് മാടമ്പിത്തിരത്തിനാണ് കടയ്ക്കലില്‍ മതഭീകരവാദത്തിന്റെ പുത്തന്‍ വിത്തുകള്ക്കുമുമ്പില് അടിയേറ്റത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍മ്പ് ചിതറ പഞ്ചായത്തിലെ മതിര മന്ദിരം കുന്ന് ദളിത് കോളനിയില്‍ കൊടി ഇടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് നടുറോഡിനെ പോര്‍ക്കളമാക്കിയ അക്രമങ്ങള്‍ക്ക് വേദിയായത്. പോപ്പുലര്‍ ഫ്രണ്ടിനോ അവരുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയ്ക്കോ ഒരംഗം പോലുമില്ലാത്ത മന്ദിരം കുന്നില്‍ പുറത്തുനിന്നെത്തിയ അക്രമികള്‍ കൊടിയിട്ടതാണ് സിപിഎം പ്രവര്‍ത്തകരെ ചെടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎം നേതാവും ചിതറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ബാബുവിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ ഏരിയാ സെക്രട്ടറിയടക്കം ഇരുപക്ഷത്തുമുള്ള ഒന്പതുപേര് കടയ്ക്കല്‍ താലൂക്കാശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കടയ്ക്കല്‍ പട്ടണത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കടയ്ക്കല്‍ ചന്തമുക്കില്‍ വച്ചുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറുകൊണ്ട് വീണ ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രിയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹത്തില്‍ നിന്ന് നിരവധി വടിവാള്‍, നെഞ്ചക്ക്, ഇരുമ്പുവടി എന്നിവ പിടിച്ചെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്ന അക്രമികള്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കമ്മിള്‍ സ്വദേശികളായ റിയാസ്, റാഫി എന്നിവരാണ് പിടിയിലായത്. ഇവരെ റിമാന്റ് ചെയ്തു.
സിപിഎം പാര്‍ട്ടി ഓഫീസ് അക്രമിക്കാനും ഡിവൈഎഫ്ഐ കടയ്ക്കല്‍ ഏരിയാ സെക്രട്ടറി അഡ്വ. പ്രഫുല്ല ഘോഷിന്റെ വീടാക്രമിക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കരുതുന്നു. ഇതിനിടെ അനീഷ് എന്ന സിപിഎം പ്രവര്‍ത്തകുനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ ഒരു ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിവന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിട്ടുണ്ട്. മന്ദിരംകുന്നില് വര്‍ഗീയ ചേരിത്തിരിവുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതന്ന് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.കെ.സഫീര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഒരു പ്രവര്ത്തകന് പോലും ഇല്ലാത്ത കോളനിയില്‍ കൊടിയിടുകയും സിപിഎം പ്രവര്‍ത്തകരെ കരുതികൂട്ടി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മതമൗലിക അജണ്ട നടപ്പാക്കാനാണെന്നും സഫീര്‍ ജന്മഭൂമിയോട് പറഞ്ഞു. കടയ്ക്കലിലെ വിവിധ മേഖലകളിലും ചിതറ, കുമ്മിള്‍ പഞ്ചായത്തിലെ കിഴിഞ്ഞില, കാഞ്ഞൂര്‍, മഹാദേവര്‍കുന്ന്, വളവുപച്ച എന്നിവിടങ്ങളില്‍ നിന്നും കുളത്തൂപ്പുഴ, നിലമേല്‍, കുരിയോട് പ്രദേശങ്ങളില്‍ നിന്നെത്തിയ എന്‍ഡിഎഫ് അക്രമികളാണ് കടയ്ക്കലിലും അക്രമത്തിന് നേതൃത്വം നല്‍കിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നാറാത്ത് മോഡല്‍ പരിശീലന കേന്ദ്രങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നുണ്ടെന്നുള്ളത് ശരി വയ്ക്കുന്നതാണ് ആയുധങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള ഇവരുടെ പട്ടാപ്പകല്‍ അഭ്യാസങ്ങള്‍. മതമൗലികവാദ പ്രസ്ഥാനങ്ങളുടെയും തീവ്രവാദികളുടെയും അക്രമങ്ങള്‍ സിപിഎമ്മിന് അടിപതറുന്ന കാഴ്ചയാണ് കടയ്ക്കലില്‍ കാണാനാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: