ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അമേരിക്കന്‍ ആളില്ലാ വിമാനം(ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു.
വസീരിസ്ഥാന് ഗ്രോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം. പാകിസ്ഥാനില്‍ നവാസ് ഷെറീഫ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണ് ഇത്.
അല്‍ഖ്വയ്ദയുടേയും താലിബാന്റേയും ശക്തികേന്ദ്രമാണ് വടക്കന്‍ വസീരിസ്ഥാന്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പ്രദേശത്തുള്ള കെട്ടിടത്തിന് നേരെ രണ്ട് തവണ മിസൈല്‍ ആക്രമണം ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നേരത്തെ ഷെറീഫ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അതിനിടെ വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഭീകരവാദ ആക്രമണത്തില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിലെ ആറ് പേര് കൊല്ലപ്പെട്ടു.
ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖസാദര് സേനയിലെ മൂന്ന് പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി പെഷവാറിലെ ഖൈബര്‍ പഖ്തുഖ്വ ജില്ലയിലുണ്ടായ ആക്രമണത്തിനിടെയാണ് ഇവരെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: