ബാള്ദിമോര്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിറതോക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടം റിച്ചാര്‍ഡിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇരുപത്തിയൊന്നാം വയസ്സിലുണ്ടായ ആ അപകടത്തില്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ പകുതിയില്‍ കൂടുതല്‍ വികൃതമായി. തെക്ക് പടിഞ്ഞാറന്‍ വെര്‍ജിനിയയിലെ റിച്ചാര്‍ഡ് നോറിസ് എന്ന മുപ്പത്തിയഞ്ചുകാരന് അന്ന് നഷ്ടപ്പെട്ട തന്റെ മുഖം തിരിച്ചു കിട്ടിയ സന്തോഷത്തിലാണിപ്പോള്‍.
ഒരു ഫോട്ടോജേര്ണലിസ്റ്റായി ജോലിനോക്കിയിരുന്ന റിച്ചാര്‍ഡ് തന്റെ മുഖത്തിന്റെ രൂപപരിണാമത്തെ കുറിച്ച് ‘ദി ടു ഫെയിസ് ഓഫ് റിച്ചാര്‍ഡ്’ എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതിയിരിക്കുകയാണ്. 1997 ല്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി പല്ലും നാക്കും താടിയെല്ലുകളും ചുണ്ടും മുഖപേശികളുമെല്ലാം തകര്‍ന്നിരുന്നു. ഗന്ധം അറിയുവാന്‍ സാധിക്കില്ല. മുറിഞ്ഞു പോയ നാക്കിന്റെ പകുതി ഉപയോഗിച്ച് രുചിയറിയാം. പുറത്തിറങ്ങുന്നത് രാത്രിയില്‍ മാത്രം, അതും മുഖം പൂര്‍ണ്ണമായി മറയത്തക്ക വിധമുള്ള മാസ്ക്ക് ധരിച്ചു കൊണ്ട്.
മേരിലാന്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ ഡോക്ടര്‍ എഡ്വേര്‍ഡൊ റോഡ് ഋഗ്സിന്റെ നേതൃത്വത്തിലുള്ള 150 തോളം ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘം വിദഗ്ദ്ധ ചികിത്സയിലൂടെ ഇപ്പോള്‍ ‘മുഖമുള്ള’ മനുഷ്യനാക്കിമാറ്റിയിരിക്കുകയാണ് റിച്ചാര്‍ഡിനെ. അപകടത്തില്‍ മരണമടഞ്ഞ മറ്റൊരാളുടെ മുഖഭാഗങ്ങളാണ് റിച്ചാര്‍ഡ് നോറിസിന്റെ മുഖത്ത് തുന്നിച്ചേര്‍ത്തത്. ഓരോ ഘട്ടമായാണ് ശസ്ത്രക്രിയ നടത്തിയത്. മേല്‍ത്താടിയും കീഴ്ത്താടിയും മൂക്കും നാക്കിന്റെ ഭാഗവും പല്ലുകളും കണ്‍പോളകളും പുരികങ്ങളുമെല്ലാം വച്ചുപിടിപ്പിക്കുകയായിരുന്നു. 36 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ റിച്ചാര്‍ഡ് നോറിസിനെ ഡോക്ടര്‍മാര്‍ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി.
2005 ലാണ് ലോകത്ത് ആദ്യമായി മുഖം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഫ്രാന്‍സിലെ ഒരു സ്ത്രീയെ അവരുടെ വളര്‍ത്തു നായ കടിച്ച് മുഖത്തിനു ഗുരുതരമായി പരിക്കു പറ്റിയതിനെ തുടര്‍ന്ന് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകുകയായിരുന്നു. പിന്നീട് ഇത്തരത്തില്‍ 27 ശസ്ത്രക്രിയകള്‍ നടന്നു ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
പുതുതായി എന്തു വച്ചാലും തിരസ്കരിക്കുന്ന പ്രവണതയുള്ള മനുഷ്യശരീരത്തിന്റെ സ്വഭാവം ഇവിടെ വില്ലനായെത്തി. വച്ചു പിടിപ്പിക്കുന്ന അവയവഭാഗങ്ങള്‍ തിരസ്കരിക്കാനുള്ള ശരീരകോശങ്ങളുടെ സ്വഭാവം അതിജീവിക്കുന്നതിനായി ഡോക്ടര്‍മാര്‍ മരുന്നുകള്‍ നല്കി. ജീവിതകാലം മുഴുവനും ഈ മരുന്ന് റിച്ചാര്‍ഡിന് കഴിക്കേണ്ടിവരും.
പതിനഞ്ചു കൊല്ലമായി അയാള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട നിലയില്‍ കഴിഞ്ഞു വരികയായിരുന്നു. ശ്വസനം തടസ്സമുണ്ടാകാതിരിക്കുന്നതിനായി അടിയന്തര ശസ്ത്രക്രിയയിലൂടെ 1997ല്‍ മൂക്ക് വച്ചു പിടിപ്പിക്കുകയായിരുന്നു. ചുണ്ടും പല്ലുകളുമൊന്നുമില്ലാത്തതിനാല് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചായിരുന്നു ജീവിതം. ഇപ്പോള്‍ സാധാരണ മനുഷ്യരുടെ മുഖഭാഗങ്ങളെല്ലാം ലഭിച്ച റിച്ചാര്‍ഡിനു വീടിനു പുറത്തിറങ്ങുന്നതിനും സാധാനങ്ങള്‍ വാങ്ങുന്നതിനും മടിയില്ല.
പുതുതായി ചുണ്ടുകളും പല്ലുകളും കിട്ടിയതോടെ ഭക്ഷണം ചവച്ചു കഴിക്കാനുള്ള പരിശീലനത്തിലാണ് റിച്ചാര്‍ഡ്. നാക്ക് വച്ചു പിടിപ്പിച്ചതോടെ സംസാരിക്കാനുള്ള ശ്രമവും ആരംഭിച്ചു. മുഖപേശികള്‍ക്കും ചുണ്ടുകള്‍ക്കും ചലനശേഷി വരുത്താനുള്ള പ്രത്യേക വ്യായാമമുറകളും അഭ്യസിക്കുന്നുണ്ട്. വളരെ സാവധാനത്തില്‍ മാത്രമേ ആഹാരം കഴിക്കാനും സംസാരിക്കാനും റിച്ചാര്‍ഡിനു സാധിക്കു. ഹാന്വിലിലെ വീട്ടില്‍ നിന്നും റിച്ചാര്‍ഡ് ബാള്‍ട്ടിമോറിലെ ആശുപത്രിയില്‍ ഇടക്കിടെ ഡോക്ടര്‍മാരെ ചെന്നു കാണാറുണ്ട്. ഇത്രയേറെ മുഖഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കപ്പെട്ട മറ്റു ശരീരമില്ല. അതിനാല്‍തന്നെ റിച്ചാര്‍ഡ് ചരിത്രത്തിന്റെ ഭാഗമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: