അഞ്ചല്‍: മരണക്കെണിയൊരുക്കി അഞ്ചല്‍-പുനലൂര്‍ റോഡില്‍ സ്വകാര്യബസുകള്‍ ചീറിപ്പായുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
അപകടം നിറഞ്ഞ വളവുകളുള്ള റോഡില്‍ക്കൂടി അമിത വേഗതയിലാണ് സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍. ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകള്‍ ഉള്‍പ്പെടെ എട്ടു സ്കൂളുകള്‍ ഉള്ള ഈ പത്തു കിലോമീറ്റര്‍ പരിധിയില്‍ രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളുടേയും അവരെ കൊണ്ടുവരുന്ന വാഹനങ്ങളുടേയും തിരക്കാണ്. ഇതിനിടയിലാണ് മതിയായ ഫിറ്റ്നസ് രേഖകളില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ വാഹനങ്ങളും സര്‍വീസ് നടത്തുന്നത്.
പല വാഹനങ്ങളിലും ഡ്രൈവിംഗ് പരിശീലനത്തിനായി ഇരുപത്തയ്യായിരം രൂപകൊടുത്ത് കൈതെളിയുന്ന കുട്ടി ഡ്രൈവര്‍മാരാണ് ബസുകള്‍ ഓടിക്കുന്നതെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ ചില ബസുകളില്‍ ഒരേസമയം പത്തോളം ജീവനക്കാരും പരിശീലകരുമാണുള്ളത് മറ്റ് വാഹനങ്ങളിലെ ജീവനക്കാരുമായി നിരന്തര സംഘര്‍ഷത്തിലും ഏര്‍പ്പെടാന്‍ കാരണമാകുന്നുണ്ട്.
സമയക്രമത്തിന്റെയും അമിത വേഗതയുടേയും പേരില്‍ നടുറോഡില്‍ നിരന്തരം സംഘര്‍ഷമുണ്ടാക്കുന്ന പലസ്വകാര്യബസുകളും വിദ്യാര്‍ത്ഥികളെ കയറ്റാറില്ലെന്ന ആക്ഷേപം നിലനില്ക്കുമ്പോള് തന്നെ ഇവര്‍ സ്വകാര്യബസുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നിമില്ലാ എന്നതാണ് പ്രധാന പ്രശ്നം. രണ്ട് വാതിലുകള്‍ ഉള്ളതില്‍ പുറകിലേത് ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം ഇളക്കി മാറ്റുകയാണ് പതിവ്. ചില വാഹനങ്ങള്‍ക്ക് രണ്ടു വാതിലുകളും ഇളക്കിമാറ്റിയിരിക്കുകയാണ്.
ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കണമെന്നും നെയിം ബോര്‍ഡ് ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശം ഇവര്‍ പാലിക്കാറില്ല. അമിത വേഗത നിരന്ത്രിക്കാനുള്ള സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ വാഹനത്തിന് ഫിറ്റ്നസ് നല്കാറുള്ളു. അറുപതു കിലോമീറ്റര്‍ വേഗതയിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളതും. എന്നാല്‍ ഉപകരണങ്ങളുടെ ക്ഷമതക്കുറവും അശാസ്ത്രീയമായ സംവിധാനവും മൂലം മിക്ക വാഹനങ്ങളും ഇത് ഉപയോഗിക്കാറില്ല. അമിതവേഗതയില്‍ ചീറിപ്പായുന്ന സ്വകാര്യബസുകള്‍ ഈ റോഡില്‍ നിരവധി മനുഷ്യജീവനെടുത്തിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും നിരന്തരം പരിശോധന നടത്തുകയും വേണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: