ന്യൂദല്‍ഹി: ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് ധനകാര്യ മന്ത്രി പ.ചിദംബരം. പുതിയ ബാങ്കുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിലവില്‍ പൊതു മേഖല-സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ 26 കമ്പനികളാണ് ബാങ്കിംഗ് ലൈസന്‍സിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ എത്ര കമ്പനികള്‍ക്ക് ബാങ്ക് തുടങ്ങുന്നതിന് ആവശ്യമായ അനുമതി നല്‍കുമെന്ന കാര്യത്തില്‍ പരിധിയില്ലെന്ന് ചിദംബരം പറഞ്ഞു.
ബാങ്ക് ലൈസന്‍സിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ യോഗ്യതയുള്ള എത്ര അപേക്ഷകളുണ്ടെന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും ചിദംബരം പറഞ്ഞു. ആരെങ്കിലും അപേക്ഷ നല്കിയിട്ടുണ്ടെങ്കില് അത് യോഗ്യതയുള്ളതാവണമെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കുറവാണെങ്കില്‍ ബാങ്ക് ലൈസന്‍സ് കിട്ടിയവയുടെ എണ്ണവും കുറവായിരിക്കുമെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
ഇന്ത്യയ്ക്ക് വലിയ ബാങ്കുകളുള്‍പ്പെടെ അനേകം ബാങ്കുകള്‍ ആവശ്യമാണ്. ഇത് കൂടുതല്‍ മത്സരക്ഷമതയ്ക്കും വേഗത്തിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിനും വഴിയൊരുക്കും. ഇന്ത്യയ്ക്ക് വിദേശ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ സ്വന്തം ബാങ്കിന്റെ ധനം ഉപയോഗിച്ച് ബൃഹത് പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്കാന് കഴിയും.
26 കമ്പനികളാണ് ബാങ്ക് ലൈസന്‍സിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ടാറ്റ സണ്‍സ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ആദിത്യ ബിര്‍ള, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്സ്, റിലയന്‍സ് ക്യാപിറ്റല്‍, എല്‍ ആന്റ് ടി ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ഫെബ്രുവരി 22 നാണ് ആര്‍ബിഐ പുതിയ ബാങ്ക് ലൈസന്‍സ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. ബാങ്ക് ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് ശാഖകള്‍ തുറക്കുന്നതിന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത മാര്‍ച്ചോട് കൂടി പുതിയ ലൈസന്‍സുകള്‍ക്ക് അനുമതി നല്കാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍ബിഐ. ഇന്ത്യയില്‍ നിലവില്‍ 26 പൊതുമേഖല ബാങ്കുകളും 22 സ്വകാര്യ ബാങ്കുകളും 56 പ്രാദേശിക ഗ്രാമീണ ബാങ്കുകളുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: