ധര്‍മ്മശാല: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായി ബിഎസ്എന്‍എല്‍ മാറുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്.കെ. ഉപാധ്യായ. നെറ്റ്വര്‍ക്ക് ശേഷി വ്യാപിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് സ്വകാര്യ കമ്പനികളേക്കാള്‍ ബിഎസ്എന്‍എല്‍ പിന്നിലായിരുന്നുവെന്ന് ഉപാധ്യായ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല കാരണങ്ങളാല്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലക്ഷ്യം നേടുന്നതിനായി 40,000 കോടി രൂപ മുതല്‍ മുടക്കാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. നിലവിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ പുതുതലമുറ നെറ്റ്വര്‍ക്കായി രൂപാന്തരപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും എല്ലാ മൊബെയില്‍ ഫോണ്‍ സൗകര്യങ്ങളും ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും ഉപാധ്യായ പറഞ്ഞു. 29,000 എക്സ്ചേഞ്ചുകളാണ് പുതുതലമുറ നെറ്റ്വര്‍ക്ക് സംവിധാനമായ എന്‍ജിഎന്നിലേക്ക് രൂപാന്തരപ്പെടുത്തും. ഇതില്‍ 28,000 വും ഗ്രാമീണ മേഖലയിലായിരിക്കും.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിന് അവസരം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഉപാധ്യായ പറഞ്ഞു. ബിഎസ്എന്‍എല്‍ മൂലധനത്തിന്റെ 52 ശതമാനമാണ് ജീവനക്കാരുടെ ശമ്പളത്തിനായി ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: