Categories: Travel

കൂര്‍മ്മാവതാരം

Published by

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം. ഐശ്വര്യ വര്‍ദ്ധനയ്‌ക്കായി അത്യമൂല്യങ്ങളായ വസ്തുക്കളും തേജസ്സുകളും കണ്ടെടുക്കാനും അമരത്വം നേടാനുമുള്ളള്ള അമൃത്‌ ലഭിക്കാനുമായി പാലാഴി കടയുന്നതുമായി ബന്ധപ്പെട്ടാണ്‌ കൂര്‍മ്മാവതാരം ഉണ്ടാവുന്നത്‌. കൂര്‍മ്മാവതാര ദിനത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ആരാധനയും നടക്കാറുണ്ട്‌.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തോടും മാനവിക വളര്‍ച്ചയുടെ ചരിത്രത്തോടും ഏതാണ്ട്‌ നീതി പുലര്‍ത്തുന്നതാണ്‌ മത്സ്യ കൂര്‍മ്മ വരാഹ നരസിംഹാദി ദശാവതാരങ്ങള്‍. ഒരു പക്ഷെ, ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തെ കുറിക്കുന്ന ഒരു സങ്കല്‍പമായിരിക്കാമിത്‌.

ഭഗവാന്റെ ഒരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്. കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം ഇങ്ങനെ:- ദേവരാജാ‍വായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച്‌ ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ്‌ ഇന്ദ്രന്‌ സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ്‌ തേന്‌ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത്‌ കാല്‍ക്കീഴില്‍ ചവുട്ടി അരയ്‌ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ്‌ ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന്‌ ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.

ശാപമോചനത്തിന്‌ പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന്‌ കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന്‌ അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ്‌ ഉപദേശിച്ചത്‌ പാലാഴി കടഞ്ഞ്‌ കിട്ടുന്ന അമൃത്‌ സേവിച്ച്‌ അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്‌.

നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത്‌ കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന്‌ തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത്‌ താഴ്‌ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അപ്പോള്‍ മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന്‌ പുറം കൊണ്ട്‌ മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്‌തു കൊടുത്തു. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍ നിന്ന്‌ ആദ്യം വന്നത്‌ കാളകൂടം വിഷമായിരുന്നു.

പരമശിവന്‍ അത്‌ വിഴുങ്ങി വലിയൊരു ആപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ചു. വിഷം വയറ്റിലെത്താതെ പാര്‍വതി കഴുത്തില്‍ പിടിച്ചതു കൊണ്ട്‌ ശിവന്‍ നീലകണ്‌ഠനായി മാറി. ദേവ മദ്യമായ സുര, അപ്‌സരസ്സുകള്‍, സര്‍വാഭീഷ്ടദായകങ്ങളായ കല്‍പവൃക്ഷം, കാമഥേനു, ഐരാവതം എന്ന വെളുത്ത ആന, ഉച്ചൈശ്രവസ്സ്‌ എന്ന ദിവ്യശക്തിയുള്ള കുതിര, ഏറ്റവും വിലപിടിപ്പുള്ള കൗസ്തുഭം എന്ന രത്നം എന്നിവയ്‌ക്കൊപ്പം ഐശ്വര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്‌മിയും പാല്‍ക്കടലില്‍ നിന്ന്‌ ഉയര്‍ന്നുവന്നു. ഇതിന്‌ ശേഷമാണ്‌ സ്വര്‍ഗ വൈദ്യനായ ധന്വന്തരി പാത്രത്തില്‍ അമൃതുമായി ഉയര്‍ന്നുവന്നത്‌.

അസുരന്മാര്‍ അമൃത്‌ കൈക്കലാക്കുമോ എന്ന്‌ ഭയന്ന ദേവന്മാര്‍ മഹാവിഷ്ണുവിനെ മനമുരുകി വിളിച്ചു. അപ്പോല്‍ വിഷ്ണു സ്ത്രൈണ ഭാവം കൈക്കൊണ്ട്‌ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു. വശ്യ സൗന്ദര്യത്തില്‍ മയങ്ങിയ അസുരന്മാര്‍ സുന്ദരിയായ മോഹിനിയുടെ പിന്നാലെ പോയ തക്കത്തില്‍ ദേവന്മാര്‍ അമൃത്‌ സേവിച്ചു. സംശയം തോന്നിയ രാഹു എന്നൊരു അസുരന്‍ ദേവനായി വേഷം മാറി അമൃത്‌ കഴിക്കാന്‍ തുടങ്ങിയെങ്കിലും വിഷ്ണു രാഹുവിന്റെ തല വെട്ടിമാറ്റി. അമൃതുള്ള തലഭാഗം പക്ഷെ, മരണമില്ലാതെ നിലനിന്നു. ഈ രാഹുവാണ്‌ ദേഷ്യം മൂത്ത്‌ ഇടയ്‌ക്കിടെ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നത്‌. ഇതാണ്‌ ഹൈന്ദവ ഐതിഹ്യ പ്രകാരം ഗ്രഹണം. വിഴുങ്ങിയ സൂര്യ ചന്ദ്രന്മാര്‍ കഴുത്തിലൂടെ പുറത്തുവരുന്നതോടെ ഗ്രഹണം തീരുകയും ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts