കൊല്ലം: വൃക്കരോഗം തളര്‍ത്തിയ ലാസറിന്റെ ജീവിതത്തിന് താങ്ങാവുകയാണ് പത്തനാപുരം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ആശ്രയപദ്ധതി. മരുന്ന് വാങ്ങാനുള്ള സഹായവും കുടുംബത്തിനുള്ള ഭക്ഷണസാധനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമായതിന്റെ ആശ്വാസത്തിലാണ് നടുക്കെകളീക്കല് ലാസറും കുടുംബവും.
ഭാര്യ ആനിയും പഠനത്തില്‍ മിടുക്കിയായ പ്ലസ്ടു വിദ്യാര്‍ഥിനി ലീനയുമടങ്ങുന്നതാണ് ലാസറിന്റെ കുടുംബം. ഡ്രൈവിംഗും കൂലിപ്പണിയുമായി കുടുംബം പോറ്റുന്നതിനിടെയാണ് രോഗം ലാസറിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. ആദ്യം ഹൃദയാഘാതമാണ് ഉണ്ടായത്. തുടര്‍ന്ന് വൃക്കരോഗം ലാസറിനെ പൂര്‍ണമായി കീഴ്പ്പെടുത്തി. കിടപ്പിലായതോടെ നിത്യചെലവുകള്‍ക്ക് ഭാര്യ ആനി വീട്ടുജോലിക്ക് പോയിത്തുടങ്ങി. പക്ഷേ മരുന്നുവാങ്ങാനുള്ള തുക പോലും കണ്ടെത്താന്‍ ആനിക്കാകുമായിരുന്നില്ല.
മരുന്നിനായി 5000 രൂപ മാസന്തോറും വേണമായിരുന്നു. മകളുടെ പഠനവും ഇതോടെ താളം തെറ്റി. ഈ സമയത്താണ് ഗ്രാമപഞ്ചായത്ത് രക്ഷക്കെത്തുന്നത്. ലാസറിനെയും കുടുംബത്തെയും അഗതി പുനരധിവാസ പദ്ധതിയായ ആശ്രയയില്‍ ഉള്‍പ്പെടുത്തി സഹായമെത്തിച്ചു. പത്തനാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ.ഗിരിജയുടെ നിര്‍ദേശ പ്രകാരം നീതിസ്റ്റോര്‍ മുഖേനെ ലാസറിന്റെ മരുന്നുകള്‍ ലഭ്യമാക്കി. ഭവന നിര്‍മാണ പദ്ധതിപ്രകാരമാണ് ലാസറിന് വീട് നല്‍കിയത്. കൂടാതെ മുഖ്യമന്ത്രിയുടെ സാന്ത്വനം ഫണ്ടില്‍ നിന്നും പതിനായിരം രൂപയുടെ സഹായവും ലഭ്യമാക്കി. പ്രതീക്ഷയറ്റ തന്റെ ജീവിതത്തിന് ആശ്രയ പദ്ധതി പുതുജീവന്‍ നല്‍കിയെന്ന് ലാസര്‍ പറഞ്ഞു. ആശ്രയ പദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തിലെ 48 പേര്‍ക്ക് ഭക്ഷണകിറ്റും 25 ഓളം പേര്‍ക്ക് ചികിത്സാ സഹായവും ചെയ്തുവരുന്നു. കഴിഞ്ഞവര്‍ഷം 15 ലക്ഷം രൂപയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: