പുനലൂര്‍: റയില്‍വേ വികസനത്തെ തുടര്‍ന്ന് വീട് നഷ്ടമായവര്‍ക്ക് വീണ്ടും സര്‍ക്കാര്‍ വക കുടിയിറക്ക് ഭീഷണി. ചെമ്മന്തൂരിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാന്‍ താലൂക്ക് റവന്യൂ വിഭാഗം നടപടി തുടങ്ങിയതോടെയാണ് നിരവധി കുടുംബങ്ങള്‍ പെരുവഴിയിലാകുന്നത്. പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടിയാണ് 12 കുടുംബങ്ങളെ ഇവിടെനിന്നും ഒഴിപ്പിക്കുന്നത്.
പുനലൂര്‍-ചെങ്കോട്ട റയില്‍പ്പാത വികസനത്തിന്റെ പേരില്‍ നിരവധിതവണ കുടിയിറക്കപ്പെട്ടവരാണ് വീണ്ടും ഇതിനായി ബലിയാടുകളായിരിക്കുന്നത്.
ചെമ്മന്തൂരിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ കോടതി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് ഇവിടെ താല്‍ക്കാലികമായി പുനരധിവസിപ്പിച്ചിരിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. താല്കാലികമായി പുനരധിവസിപ്പിക്കപ്പെട്ട പന്ത്രണ്ട് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ താലൂക്ക് റവന്യൂ വിഭാഗം ശ്രമം തുടങ്ങിയതോടെ ഈ കുടുംബങ്ങളുടെ അവസ്ഥ വീണ്ടും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
റയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന ഈ കുടുംബങ്ങളെ എട്ടുമാസം മുമ്പാണ് ഗേജ് മാറ്റത്തിന്റെ പേരില്‍ കുടിയൊഴുപ്പിച്ചത്. കുടിയൊഴുപ്പിക്കലിനെ തുടര്‍ന്ന് 103 കുടുംബങ്ങള്‍ ഭവനരഹിതരായി. ഇങ്ങനെ ഭവനരഹിതരായ 82 കുടുംബങ്ങള്‍ക്ക് കേളന്‍കാവിലെ വെള്ളിമാനൂരില് മൂന്ന് സെന്റ് വീതം പട്ടയവും നല്കി.
ബാക്കിയുള്ളവരില്‍ ഒന്‍പത് കുടുംബങ്ങളെ അച്ചന്‍കോവിലിലും പുനരധിവസിപ്പിക്കാന്‍ നടപടിയായി.എന്നാല്‍ ഭൂമി വിതരണ നടപടികള്‍ നീണ്ടുപോയതോടെ ശേഷിച്ച 12 കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്.തെരുവിലേക്ക് ആട്ടിയിറക്കപ്പെട്ട ഈ കുടുംബങ്ങളുടെ ദുരവസ്ഥ അതീവ ദയനീയമായി തീര്‍ന്നിരിക്കുന്നു. ഇവിടെ താമസിക്കുന്ന കുടുംബങ്ങളില്‍ അഞ്ചുവയസ്സുമുതല്‍ 85 വയസ്സുവരെയുള്ള അന്തേവാസികളാണുള്ളത്.ഇതില്‍ അറുപത് വയസ്സിനു മുകളിലുള്ള ഒന്‍പത് പേരുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയനേതാക്കളും പൊതുപ്രവര്‍ത്തകരും ഇടപെട്ടാണ് ചെമ്മന്തൂരിലെ പുതിയ താലൂക്ക് ആഫീസ് കെട്ടിടത്തില്‍ കുടുംബങ്ങളെ പാര്‍പ്പിച്ചത്.
കോടതി സമുച്ചയ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജൂലൈ ആറിനാണ് നിശ്ചയിച്ചിരിക്കുന്നത്.ഇതിന് മുന്നോടിയായാണ് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നത്.ഈ കുടുംബങ്ങള്‍ക്ക് മറ്റ് താമസ സൗകര്യം ഉണ്ടാകുന്നതുവരെ ഇവരെ പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സ്വാധീനത്തിലാണ് മുന്‍പ് തീരുമാനിച്ചത്.എന്നാല്‍ റവന്യൂ അധികാരികള്‍ ഏകപക്ഷീയമായി ഇവിടം വിട്ടുപോകാന്‍ കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരക്കുകയാണ്.
കാലവര്‍ഷം ശക്തമായ ഘട്ടത്തില്‍ ഈ കുടുംബങ്ങളുടെ ദുരിതം കാണാന്‍ പോലും ബന്ധപ്പെട്ട അധികാരികളോ അധികൃതരോ യാതൊരുവിധ ശ്രമം നടത്തിയിട്ടുമില്ലെന്നു മാത്രമല്ല ഇവരുടെ താമസ്സ സ്ഥലത്തേക്ക് ഉദ്യോഗസ്ഥരാരും എത്താറുമില്ലെന്നതാണ് വാസ്തവം.ഇവിടെ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടുംബങ്ങള്‍ തയ്യാറായിട്ടുണ്ട്. അതേ സമയം പട്ടയമോ സ്ഥലമോ നല്‍കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ മറ്റൊരിടം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഒരുസെന്റ് തുണ്ട് ഭൂമിക്കുപോലും അവകാശികളാകാതെ ഈ പാവങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ എന്തുചെയ്യാണമെന്നറിയാതെ നെടുവീര്‍പ്പെടുകയാണ് പാവപ്പെട്ട 12 കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: