റിയോ ഡി ജെയിനെറോ: ചരിത്രമുറങ്ങുന്ന മാരക്കാനയില്‍ സാംബാ താളം അതിന്റെ വിശ്വരൂപം പൂണ്ടപ്പോള്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പാനിഷ് കാളക്കൂറ്റന്മാര്ക്ക് കാലിടറി. ഏകദേശം മുക്കാല്‍ ലക്ഷത്തോളം വരുന്ന ആരാധകരെ സാക്ഷി നിര്‍ത്തി നടന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്പാനിഷ് ചെമ്പടയെ കീഴടക്കി കാനറികള്‍ കാനറികള്‍ സാംബാ നൃത്തം ചവിട്ടി. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫെഡറേഷന് കപ്പ് കിരീടം. ചരിത്രത്തിലെ നാലാമത്തെയും.
ഗ്യാലറിയിലെ ആര്‍ത്തിരമ്പിയ ആരാധകരുടെ ആവേശക്കടലിനെയും തെരുവില്‍ ആളിക്കത്തിയ പ്രതിഷേധങ്ങളെയും സാക്ഷിയാക്കിക്കൊണ്ടായിരുന്നു മഞ്ഞക്കിളികളുടെ ഹാട്രിക് കിരീടധാരണം. കാനറികള്‍ക്ക് വേണ്ടി ഫ്രെഡ് രണ്ടും സൂപ്പര്‍ താരം നെയ്മര്‍ ഒരു ഗോളും നേടി. ടൂര്‍ണമെന്റില്‍ ഫ്രെഡിന്റെ അഞ്ചാം ഗോളും നെയ്മറുടെ നാലാം ഗോളുമായിരുന്നു. ടൂര്‍ണമെന്റിലെ നെയ്മറുടെ നാലാം ഗോളായിരുന്നു ഫൈനലിലേത്.
ലോകകപ്പിനും യൂറോകപ്പിനും പിറകെ കോണ്‍ഫെഡറേഷന്‍സ് കപ്പ് കൂടി നേടി ലോക ഫുട്ബോളിലെ അധീശത്വം അരക്കിട്ടുറപ്പിക്കാനെത്തിയ സ്പെയിനിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു മാരക്കാനയിലെ ക്ലാസ്സിക്ക് ഫൈനല്‍.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു എന്നത് മാത്രമല്ല നാണക്കേടിന്റെ ആഴം കൂട്ടുന്നത്. സെര്‍ജിയോ റാമോസ് പെനാല്‍റ്റി പുറത്തടിച്ചുകളഞ്ഞതും ജെറാര്‍ഡ് പിക്വെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും നാണക്കേട് ഇരട്ടിയാക്കി. അഞ്ച് ഗോളോടെ ഫെര്‍ണാണ്ടോ ടോറസ് സുവര്‍ണപാദുകം സ്വന്തമാക്കിയത് മാത്രമാണ് സ്പെയിനിന് ആശ്വാസമായത്. സ്പെയിനിന്റെ അപരാജിതമായ 29 മത്സരങ്ങളുടെ കുതിപ്പിനും മാരക്കാനയിലെ ഫൈനല്‍ സാക്ഷ്യം വഹിച്ചു.
സ്പെയിനിന്റെ തോല്‍വി പോലെ തന്നെ സമഗ്രമായിരുന്നു ബ്രസീലിന്റെ വിജയവും. മത്സരം തുടങ്ങി ഒന്നര മിനിറ്റായപ്പോഴേക്കും ഫ്രെഡ് സ്പാനിഷ് വലയിലേക്ക് ആദ്യ നിറയൊഴിച്ചു.
വലതുവിംഗില്‍ നിന്ന് ഹള്‍ക്ക് കൊടുത്ത നീണ്ടലോബ് ബോക്സിലെത്തുമ്പോള്‍ കാത്തുനിന്ന നെയ്മറെയും ഫ്രെഡിനെയും തടയാന്‍ സ്പാനിഷ് പ്രതിരോധക്കാരായ പിക്വെയും ആര്ബെലോവയും സജ്ജരായിരുന്നു. ഇവരെ കടന്ന്, നെയ്മറുടെ കാലില്‍ തട്ടി കറങ്ങിയ പന്ത് അപകടം വിതയ്ക്കുമെന്ന് ആരും നിനച്ചില്ല. എന്നാല്‍, പരിചയസമ്പന്നനായ ഗോളി കസീയസിനൊപ്പം നിലത്തുവീണു പോയ ഫ്രെഡ് അതേ കിടപ്പില്‍ തന്നെ പന്ത് ഗോളിയുടെ കൈകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തവണ്ണം വലയിലേയ്ക്ക് കോരിയിട്ടപ്പോള്‍ മാറക്കാനയില്‍ ആവേശം അണപൊട്ടിയൊഴുകി.
മത്സരം ഒന്നര മിനിറ്റ് മാത്രം പിന്നിട്ടപ്പോള്‍ വീണ ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് പിന്നീട് തിരിച്ചുവരവാന് ലോക ചാമ്പ്യന്മാര്ക്കായില്ല. ഇറ്റലിക്കെതിരായ സെമിഫൈനലില്‍ സംഭവിച്ച പോലെയായിരുന്നു ഫൈനലിലും അവരുടെ കാര്യങ്ങള്‍. സ്പാനിഷ് മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തകര്‍ത്ത ബ്രസീലിയന്‍ മധ്യനിരക്ക് മുന്നില്‍ സ്പാനിഷ് ടീം കളി മറന്നവരെപ്പോലെയായി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ പാഠങ്ങള്‍ മറന്നവരെപോലെയായിരുന്നു. ആവര്‍ത്തനവിരസമായ ടിക്കിടാക്ക മാത്രമായിരുന്നു കൈമുതല്‍. അറ്റത്ത് ഒരു ലക്ഷ്യം ഭേദിക്കാന്പോന്ന ഒരു മുനയില്ലാതായതോടെ ടിക്കിടാക്ക നിഷ്ഫലമായ ഒരു തന്ത്രം മാത്രമായി. സെസ് ഫാബ്രഗസിനെയും സൊള്ഡാഡോയെയും പുറത്തിരുത്താന്‍ കോച്ച് ഡെല്‍ബോസ്ക് തീരുമാനിച്ചതും സ്പാനിഷ് ആക്രമണങ്ങള്‍ക്ക് മൂര്ച്ചയില്ലാതാകാന് കാരണമായി.
സ്പെയിനിന്റെ ടിക്കി ടാക്കയുടെ മര്‍മമറിഞ്ഞ ബ്രസീല്‍ അതിമനോഹരമായ പ്രതിരോധതന്ത്രമാണ് പയറ്റിയത്. എതിര് ഗോള്‍ ഏരിയ മുതല്‍ തന്നെ അവര്‍ കടുത്ത മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിലൂടെ സ്പെയിനിന്റെ സപ്ലൈ ലൈന്‍ ഒന്നൊന്നായി അറുത്തുമുറിച്ചു. ഓരോ തവണ സ്പെയിന്‍കാരുടെ കാലില്‍ പന്തെത്തുമ്പോഴും അതു റാഞ്ചാന്‍ ചുരുങ്ങിയത് രണ്ട് മഞ്ഞക്കുപ്പായക്കാരെങ്കിലും ചുറ്റിലും വളഞ്ഞു. ഇതോടെ മികച്ച മുന്നേറ്റങ്ങള്‍ മെനയാന്‍ പോലും സ്പെയിനിന് കഴിഞ്ഞില്ല. മുന്‍നിരയില്‍ ഫെണാണ്ടോ ടോറസും പെഡ്രോയും ഡേവിഡ് സില്‍വക്ക് പകരം വന്ന യുവാന്‍ മാട്ടയുമെല്ലാം പന്ത് കിട്ടാതെ ഉഴറി നടക്കുകയായിരുന്നു.
മത്സരത്തിലുടനീളം ബ്രസീലിനേക്കാള്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും ഒരു പൊനല്റ്റി അടക്കം മൂന്ന് തവണ മാത്രമാണ് സ്പെയിനി ജൂലിയോ സെസാറിനെ പരീക്ഷിക്കാന്‍ അവസരം ലഭിച്ചത്. 19-ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ബുള്ളറ്റ് ലോംഗ്റേഞ്ചര്‍ ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ ഫുള്‍ലെംഗ്ത് ഡൈവിംഗിലൂടെ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നീട് 41-ാം മിനിറ്റിലാണ് ഗോളെന്നുച്ച ഒരു ശ്രമം സ്പാനിഷ് ടീം നടത്തിയത്. മാട്ടയും പെഡ്രോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു സുവര്‍ണാവസരം ലഭിച്ചത്. ഇടതുവിംഗില്‍ക്കൂടി കയറിയ മാട്ട പന്ത് വലതുവിംഗില്‍ക്കൂടി ഒപ്പം മുന്നേറുകയായിരുന്ന പെഡ്രോക്ക് പാസ് നല്കി. ബ്രസീലിയന്‍ പ്രതിരോധനിരക്കാര്‍ ആരും മാര്‍ക്ക് ചെയ്യാതെ വിട്ട പെഡ്രോ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. പെഡ്രോയുടെ ഷോട്ട് സെസാറെ മറികടന്നപ്പോള്‍ ഗോളായെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ പുല്ലിലൂടെ പറന്നുനീങ്ങിയ ഡേവിഡ് ലൂയിസ് തീര്‍ത്തും അവിശ്വസനീയമായ രീതിയില്‍ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞ് അപകടം ഒഴിവാക്കി. മൂന്ന് മിനിറ്റിനുശേഷം ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിലൂടെ ലീഡ് ഉയര്‍ത്തി. സ്പാനിഷ് പ്രതിരോധത്തിന്റെ ദയനീയ പരാജയത്തില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍.
കളിച്ച നാലു കളികളില്‍ മൂന്നിലും ഗോള്‍ നേടിയ സൂപ്പര്‍ താരം നെയ്മറെ മാര്‍ക്ക് ചെയ്യാതെ വിട്ടതാണ് കാളക്കുറ്റന്മാര്ക്ക് തിരിച്ചടിയായത്. മൈതാന മധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത നെയ്മര്‍ ഒാസ്കറിന് മറിച്ചുകൊടുത്തു. പന്ത് ഏറെനേരം കാല്ക്കീഴില് വെച്ച ഓസ്കര് ഓസ്കാര്‍ സമര്‍ഥമായി ഓഫ് സൈഡ് കെണിയില്‍ നിന്ന് രക്ഷപ്പെട്ടു നിലയുറപ്പിച്ച നെയ്മര്‍ക്ക് തള്ളി നല്കി. പന്തുമായി ഒന്ന് മുന്നോട്ടോടിയ നെയ്മര്‍ ഇടംകാലുകൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് ലോകോത്തര ഗോളി ഇകര്‍ കസിയസിനെ സ്തബ്ധനാക്കി വലയുടെ മോന്തായത്തില്‍ പതിച്ചു (2-0). ഇതിന് മുന്‍പ് എട്ടാം മിനിറ്റില്‍ ഓസ്കറിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയപ്പോള്‍ 12-ാം മിനിറ്റില്‍ പൗളീഞ്ഞോയുടെ ഷോട്ട് കസിയസ് തട്ടിത്തെറിപ്പിച്ചു. പിന്നീട് 25, 32 മിനിറ്റുകളിലും ഫ്രെഡിന്റെ ശ്രമം കസിയസ് വിഫലമാക്കി. അല്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ഗോള്‍നില ഉയരുമായിരുന്നു.
രണ്ടാം പകുതിയില്‍ സ്പെയിന് ശക്തമായി തിരിച്ചടിക്കുമെന്ന് വിചാരിച്ചെങ്കിലും അത് സ്വപ്നം മാത്രമായി അവശേഷിച്ചു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ബ്രസീല്‍ ഫ്രെഡിലൂടെ ലീഡ് ഉയര്‍ത്തി. മധ്യനിരയില്‍ നിന്ന് ഇടതുവിംഗില്‍ നില്‍ക്കുകയായിരുന്ന നെയ്മറെ ലക്ഷ്യമാക്കി ഹള്‍ക്കിന്റെ അളന്നുമുറിച്ച ത്രൂപാസ്. പന്ത് കിട്ടിയ നെയ്മര്‍ ഫ്രെഡിന് മറിച്ചുനല്‍കി. പന്ത് കിട്ടിയ നെയ്മര്‍ ഏറെ ബുദ്ധിമുട്ടാതെ പന്ത് ഇകര്‍ കസിയസിനെ കീഴടക്കി വലയിലെത്തിച്ചു.
മൂന്ന് ഗോളിന്റെ ലീഡുമായി കളിച്ച ബ്രസീല്‍ വിജയം ഉറപ്പിച്ച ശേഷം 54-ാം മിനിറ്റില്‍ സ്പെയിനിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. മാട്ടയ്ക്ക് പകരമിറങ്ങിയ ജീസസ് നവാസിനെ മാഴ്സെലോ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ടത് പ്രതിരോധനിരയിലെ കരുത്തന് സെര്‍ജിയോ റാമോസ്. പക്ഷേ, റാമോസിന്റെ കരുത്തുറ്റ ഗ്രൗണ്ടര്‍ പറന്നത് വലത്തേ പോസ്റ്റിന് അരികില്‍ക്കൂടി പുറത്തേക്ക്.
ഇതുംകൂടി ആയതോടെ സ്പെയിന് ആകെ തകര്‍ന്നു. അധികം വൈകാതെ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ ചുവപ്പുകാര്‍ഡ് പുറത്തുപോവുകയും ചെയ്തതോടെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനായി അവരുടെ ശ്രമം. മൈതാന മധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഒറ്റക്ക് കുതിച്ച നെയ്മറെ വീഴ്ത്തിയതിനാണ് പിക്വെക്ക് നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ചത്. കളിയുടെ അവസാന മിനിറ്റുകളില്‍ സ്പെയിന് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബാറിന് കീഴില്‍ ഉജ്ജ്വലമായ മെയ്വഴക്കം പ്രകടിപ്പിച്ച സെസാറിന് മുന്നില്‍ അതെല്ലാം വിഫലമായി. 80-ാം മിനിറ്റില്‍ പെഡ്രോയുടെ ഒരു ഷോട്ട് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റിയ സെസാര്‍ അഞ്ച് മിനിറ്റിനുശേഷം ഡേവിഡ് വിയയുടെ ഉശിരന്‍ ഷോട്ട് മുഴുനീളെ പറന്നാണ് സെസാര്‍ രക്ഷപ്പെടുത്തിയത്. 83-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജോയുടെ ഷോട്ട് കസിയസ് തടുത്തിട്ടു.
1985 ന് ശേഷം സ്പെയിന് മൂന്നു ഗോളിന് തോല്‍ക്കുന്നത് ഇത് ആദ്യമാണ്. 2010 ജൂണിന് ശേഷം സ്പെയിനിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. കഴിഞ്ഞ 29 മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയായിരുന്നു സ്പെയിനിന്റെ കുതിപ്പ്. 1999 നു ശേഷം ബ്രസീലും സ്പെയ്നും നേര്‍ക്കുനേര്‍ വന്ന മത്സരം കൂടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: