ന്യൂദല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ വിമാനയാത്രയും ചെലവേറിയതാകുന്നു. വിമാന യാത്രാ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രമുഖ വിമാന കമ്പനികള്‍ നല്‍കിക്കഴിഞ്ഞു. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള പാദം യാത്രാ സീസണ് അല്ലാത്തത്തിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരുത്തുകയാണ് പതിവ്. എന്നാല്‍ രൂപയുടെ ഇടിവ് മൂലം നേരിടുന്ന ചെലവ് ക്രമീകരിക്കുന്നതിനായി ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നതിനാണ് നീക്കം.
ലോ-കോസ്റ്റ് കാരിയര്‍ ആയ ഗോ എയറിന് പ്രതിവര്‍ഷം രൂപയുടെ ഇടിവ് മൂലം 30 കോടി രൂപ അധികമായി ചെലവാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ക്കും രൂപയുടെ മൂല്യമിടിവ് നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധനം, വിമാനങ്ങള്‍ പാട്ടത്തിന് എടുക്കുക, എഞ്ചിന് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായുള്ള ചെലവുകള്‍ ഡോളര്‍ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്.
ജൂലൈ-സപ്തംബര്‍ കാലയളവില്‍ വിമാന യാത്രയില്‍ പൊതുവെ ഇടിവാണ് പ്രകടമാകുന്നത്. ഈ വര്‍ഷം ഇത് 10.15 ശതമാനമായി പരിമിതപ്പെടുമെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നഷ്ടം നികത്തുന്നതിനായി ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വിമാന യാത്രാ നിരക്കില്‍ വര്‍ധനവ് വരുത്തുക മാത്രമാണ് പരിഹാരമെന്നാണ് ഒരു മുന്‍നിര എയര്‍ലൈനിന്റെ സിഇഒ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: