പത്തനാപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പിറവന്തൂര്‍-തലവൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിടവൂരിലെ തര്യന്‍തോപ്പ് തൂക്കുപാലം യാഥാര്‍ഥ്യത്തിലേക്ക്.
അവസാനഘട്ട മിനുക്കുപണികള്‍ കൂടി കഴിഞ്ഞാല്‍ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ സഹായമാകും.
റവന്യുവകുപ്പില്‍ നിന്നും 79 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മാണച്ചുമതല എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ് ആണ് ഏറ്റെടുത്തത്. ഇത്തരത്തില്‍ നാലു തൂക്കുപാലങ്ങള്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരി ആദ്യവാരം പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാറാണ് ഇതിന് ശിലാസ്ഥാപനം നടത്തിയത്. ഇരുകരകളിലുമായി താമസിക്കുന്ന ജനങ്ങളുടെ നിലവിലെ ഏക ആശ്രയം താല്‍ക്കാലിക കടത്തുവള്ളങ്ങളാണ്. കാലാവസ്ഥ മോശമാകുതും കടത്തുകാരന്റെ അഭാവവും കാരണം പലപ്പോഴും വള്ളമുണ്ടാകാറില്ല. അതിനാല്‍ ആറുകിലോമീറ്റര്‍ വരെ അധികം ചുറ്റിസഞ്ചരിച്ചാണ് പലപ്പോഴും ജനങ്ങളുടെ യാത്ര. തര്യന്‍തോപ്പ് പാലം വരുന്നതോടെ പത്തനാപുരം പള്ളിമുക്കിലെ മിനി സിവില്‍ സ്റ്റേഷനും ആരാധനാലയങ്ങളിലും എത്തുവാന്‍ അനായാസം സാധിക്കും.
അനന്തു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: