കൊല്ലം: പൊലീസ് രേഖകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ പുകയില നിയന്ത്രണ നിയമമായ കോട്പയുടെ ലംഘനം ഒന്നുപോലുമില്ലെങ്കിലും സമീപകാലത്തു നടന്ന ഒരു സര്‍വ്വേ വിരല്‍ചൂണ്ടുന്നത് ജില്ലയില്‍ പുകയില ഉപഭോക്താക്കളുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ വളരെക്കൂടുതലാണെന്നാണ്.
റീജണല്‍ കാന്‍സര്‍ സെന്ററും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററും ചേര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെ തീരമേഖലകളില്‍ നടത്തിയ പഠനത്തിലാണ് വര്‍ധിച്ച പുകയില ഉപഭോഗത്തിന്റെ കണക്കുകള്‍ വ്യക്തമായത്. ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വ്വേ 2009-10 പ്രകാരം പുകയില ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണം ദേശീയ ശരാശരി 24.3 ശതമാനവും കേരളത്തിലെ ശരാശരി 27.9 ശതമാനവുമായിരിക്കെ പഠനം നടത്തിയ മേഖലകളിലിത് 37 ശതമാനമാണ്. 14 വയസ്സിനുമേല്‍ പ്രായമുള്ള 38,808 പുരുഷന്മാരില് നടത്തിയ 2009-14 കാന്‍സര്‍ സര്‍വ്വേയില്‍ ജില്ലയിലെ 30 ശതമാനം പേര് സിഗററ്റും 12 ശതമാനം പേര് ബീഡിയും ഉപയോഗിക്കുന്നു.
മുറുക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ഇവരില്‍ അഞ്ചു ശതമാനം പേര് ചവയ്ക്കുന്ന പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നു. നഗരങ്ങളേക്കാള്‍ ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗം ഗ്രാമങ്ങളില്‍ കൂടുതലാണ്. 1990-97 കാലഘട്ടത്തില്‍ റീജണല്‍ കാന്‍സര്‍ സെന്റര്‍ കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ സര്‍വ്വേയില്‍ 14 വയസ്സിനു മേല്‍ പ്രായമുള്ള പുരുഷന്മാരില് 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നതായി വ്യക്തമായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കാന്‍സര്‍ രജിസ്ട്രി പ്രകാരം 2011ല്‍ കൊല്ലത്തെ നഗരമേഖലകളില്‍ ഒരു ലക്ഷം പുരുഷന്മാരില് 23പേര്‍ക്ക് ശ്വാസകോശ കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ മൂന്നാമതാണ് കൊല്ലത്തെ നിരക്ക്.
പ്രതീക്ഷയും അതോടൊപ്പം ആശങ്കയും ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സര്‍വ്വേ ഫലങ്ങളെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
മുന്‍ സര്‍വ്വേ അപേക്ഷിച്ച് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് സന്തോഷം നല്കുമ്പോള് ഇത് പൂര്‍ണമായും നിര്‍ത്താനും അതിലൂടെ അനുബന്ധ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനും ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേതുപോലെ പുകയില നിയന്ത്രണ നിയമം കൊല്ലത്തും കര്‍ശനമായി നടപ്പാക്കേണ്ടതിന്റെയും അത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ആവശ്യകതയിലേക്കാണ് സര്‍വ്വേ ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ടിട്ടുള്ള ടുബാക്കോ ഫ്രീ കേരളയുടെ വൈസ് ചെയര്മാന് കൂടിയായ അദ്ദേഹം പറഞ്ഞു. എങ്കിലും ജില്ലയില്‍ പൊതുസ്ഥലത്തു പുകവലിച്ച ഒരു സംഭവം പോലുമില്ലെന്നാണ് കേരള പൊലീസിന്റെ വെബ്സൈറ്റില്‍ പറയുന്നത്.
മറ്റു പല ജില്ലകളും അനവധിപേരില്‍ നിന്ന് പൊതു സ്ഥലങ്ങളിലെ പുകവലിയുടെ പേരില്‍ പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ വെബ്സൈറ്റ് നല്കുമ്പോള് കൊല്ലത്ത് നഗരമേഖലയിലോ, ഗ്രാമമേഖലയിലോ 2012 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ ഒരാളില്‍ നിന്നുപോലും പിഴ ഈടാക്കിയിട്ടില്ല. കോട്പ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം ബസ് സ്റ്റോപ്പുകള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ബാറുകള്‍, ജോലിസ്ഥലങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ 200 രൂപ വരെ പിഴ ഈടാക്കാന്‍ പോലീസിന് അധികാരമുണ്ട്. കൊല്ലം ജില്ലയില്‍ ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വ്വീസസ് മുന്‍ ഡയറക്ടറും കൊല്ലം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കീയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. സി.വി.പ്രതാപന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി പുകയില ഉപഭോഗം കുറയാനുള്ള കാരണം ബോധവല്‍ക്കരണമാണെന്നും, യുവതലമുറ പുകയില ഉല്പന്നങ്ങളോടു കാണിക്കുന്ന താല്പര്യം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1954ലെ പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്ടറേഷന്‍ ആക്ട് പ്രകാരം, ആരോഗ്യത്തിനു ഹാനികരമായ കേസരി പരിപ്പ് വിപണിയില്‍ നിന്നു പിന്വലിക്കപ്പെട്ടതുപോലെ പുകയില ഉല്പന്നങ്ങളുടെ കാര്യത്തിലും കര്‍ശനമായ ഒരു നിയമത്തിന്റെ ആവശ്യകതയിലേക്കാണ് ഡോ. പ്രതാപന് വിരല്‍ ചൂണ്ടുന്നത്. പുകയില ഉല്പന്നങ്ങള് ആരോഗ്യത്തിനുണ്ടാക്കുന്ന ഹാനിയെപ്പറ്റി വ്യക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ പുകയിലയുടെ കൃഷിയും സംസ്കരണവും ഉല്പാദനവും വിതരണവും ഉപയോഗവും പരസ്യങ്ങളും നിര്‍ത്തലാക്കാന്‍ ശക്തമായ നിയമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിവിധ തലങ്ങളിലുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും അതിന് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പുകയില നിരോധിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യകരമായ ലാഭം നഷ്ടത്തേക്കാള്‍ കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: