ജിദ്ദ: സൗദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിക്കും. സമയപരിധി നീട്ടണമെന്ന് തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നവംബര്‍ നാല് വരെയെങ്കിലും സമയം അനുവദിക്കണമെന്ന് ജിദ്ദ ചേംബറും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് വിദേശികളുടെ പദവി നിലവിലുള്ള സമയപരിധിക്കുള്ളില്‍ ശരിയാക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തലിലാണ് ജിദ്ദ ചേംബര്‍.
പദവി നിലനിര്‍ത്താന്‍ കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ വ്യവസായ-വാണിജ്യ മേഖല കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുടെ എംബസികളും സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പദവി ശരിയാക്കുന്നതിനുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. ജീവനക്കാരുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സമയപരിധി മൂന്നു മാസം കൂടി നീട്ടണമെന്ന് തൊഴില്‍ മന്ത്രാലയം ഉന്നതാധികാരികളോട് ശുപാര്‍ശ ചെയ്തതായി കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: