അറോമ(ഇക്വഡോര്‍): മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘം ചോര്‍ത്തുന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ഇക്വഡോര്‍.
യുഎസ് വൈസ് പ്രസിണ്ട് ജോ ബൈഡനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഇക്വഡോര്‍ പ്രസിഡണ്ട് റാഫേല്‍ കോറിയ പറഞ്ഞു. അമേരിക്കന്‍ ചാരവൃത്തി വെളിപ്പെടുത്തിയ ശേഷം ഹോംഗ് കോംഗിലേക്ക് കടന്ന സ്നോഡന് നിലവില്‍ മോസ്കോ വിമാനത്തില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.
ഇവിടെ നിന്ന് ഇക്വഡോറില്‍ അഭയം പ്രാപിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇക്വഡോര്‍ ഇനി സ്നോഡന് അഭയം നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ വര്‍ഷം വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കിയിരുന്നു. സ്നോഡന്റെ പിതാവ് ലോനി സ്നോഡന് അമേരിക്കയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിന് അദ്ദേഹം കത്തയച്ചിരുന്നെന്നും മകന് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെത്തിയാല്‍ വിചാരണക്ക് മുമ്പ് ജയിലില്‍ അടക്കരുതെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നുമുള്ള നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: