ബാംഗ്ലൂര്‍: ഐടി മേഖലയുടെ വികസനത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഇന്‍ഫോസിസ് എക്സിക്യൂട്ടീവ് ചെയര്മാന് എന്‍.ആര്.നാരായണ മൂര്‍ത്തി. റോഡ്, എയര്‍പോര്‍ട്ട്, സ്കൂളുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ബാംഗ്ലൂരിന് സമീപമുള്ള ഇലക്ട്രോണിക് സിറ്റിയ്ക്ക് വേണ്ടി ചെറു വിമാനത്താവളം രൂപീകരിക്കണമെന്നും മൂര്‍ത്തി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് 55 ശതമാനമാണ് ഐടി മേഖലയുടെ സംഭാവന. അഞ്ച് ലക്ഷം പേര്‍ക്ക് നേരിട്ടും 1.5 ദശലക്ഷം പേര്‍ക്ക് പരോക്ഷമായും ഐടി മേഖല തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
റോഡുകള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാനപ്രശ്നം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐടി മേഖലയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രോത്സാഹനം ആവശ്യമാണെന്നും മൂര്‍ത്തി പറഞ്ഞു. ബാംഗ്ലൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്സിന്റെ 36-ാം മത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും രാജ്യത്തേക്ക് ഉയര്‍ന്ന തോതില്‍ വിദേശ വിനിമയം നടക്കുമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ 40,000 തൊഴില്‍ അവസരങ്ങളാണ് ഇന്‍ഫോസിസ് സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ 25,000 ബാംഗ്ലൂരിലും 10,000 മൈസൂരിലും 5,000 മാംഗ്ലൂരിലുമാണ്. നിലവിലെ സാമ്പത്തിക പരിതസ്ഥിതിയിലും ഐടി മേഖല ജീവനക്കാര്‍ക്ക് ഉയര്‍ന്ന തോതിലുള്ള ശമ്പളവും കൂടുതല്‍ തൊഴി ല്‍ അവസരങ്ങളുമാണ് നല്‍കുന്നത്.
കറന്റ് അക്കൗണ്ട് കമ്മിയും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഈ മേഖലയുടെ പ്രാധാന്യത്തെപ്പറ്റി രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും മനസ്സിലാക്കണമെന്നും മൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: