പള്ളുരുത്തി: ഉള്‍നാടന്‍ കായലുകളിലും വേമ്പനാട്ടു കായല്‍പരപ്പിലും മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കായലുകളില്‍ സുലഭമായി ലഭിക്കുന്ന തെള്ളിചെമ്മീനുകളുടെ അളവിലും കാര്യമായ കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
ഒരുവര്‍ഷത്തെ മത്സ്യബന്ധനകാലഘട്ടം പരിശോധിച്ചാല്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സമയത്ത് ഉള്‍നാടന്‍ കായലുകളില്‍ തെള്ളി, ചൂടന്‍, നാരന്‍, ചെമ്മീനുകള്‍ ധാരാളമായി ലഭിച്ചിരുന്നു. എന്നാല്‍ ഈ മണ്‍സൂണ്‍ കാലത്ത് തൊഴിലാളികളുടെ പ്രതീക്ഷകള്‍ തകിടംമറിച്ച് ചെമ്മീനുകളുടെയും മത്സ്യങ്ങളുടെയും ലഭ്യതയില്‍ വന്‍കുറവാണ് വന്നത്.
45 ദിവസം നീണ്ടുനില്‍ക്കുന്ന ആഴക്കടല്‍ ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് മത്സ്യമൊത്തവിപണന കേന്ദ്രങ്ങളില്‍ കടല്‍മത്സ്യങ്ങള്‍ എത്താറില്ല. കടല്‍മത്സ്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തതാകുന്നതോടെ കായല്മത്സ്യവിഭവങ്ങള്ക്ക് വന്‍ ഡിമാന്റായിരിക്കും. ഈ ദിവസങ്ങളില്‍ മഴ ശക്തമായി പെയ്യുന്നതോടെ കായലോര മത്സ്യത്തൊഴിലാളികളുടെ ഏറ്റവും സമ്പന്നമായ കാലഘട്ടമായിരിക്കും ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയം. ഊന്നി, ചീനവല, വീശുവല, നീട്ടുവല, ഞണ്ടുവല, വള്ളിവല, ആയിരം ചൂണ്ട തുടങ്ങിയ മത്സ്യബന്ധന മാര്‍ഗങ്ങളിലൂടെയാണ് കായലില്‍ മത്സ്യങ്ങളെ പിടിക്കുന്നത്. എന്നാലിപ്പോള്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച തൊഴിലാളിസമൂഹം മത്സ്യലഭ്യതക്കുറവുമൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
എറണാകുളം, വൈപ്പിന്‍, പള്ളുരുത്തി, പറവൂര്‍, അരൂര്‍, പനങ്ങാട്, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള തൊഴിലാളികള്‍ മത്സ്യമൊത്തവിപണന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് കച്ചവടം നടത്തുന്നത്. എറണാകുളം, തേവര, ആലുവ, അരൂര്‍, ചമ്പക്കര, വൈക്കം തുടങ്ങിയ മാര്‍ക്കറ്റുകളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യവിപണനം നടക്കുന്നത്.
ആലപ്പുഴ ജില്ലയിലെ പ്രധാന മത്സ്യവിപണനകേന്ദ്രത്തില് പ്രതിവര്‍ഷം ആറുകോടിരൂപയുടെ ഇടപാട് നടക്കുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈവര്‍ഷം പകുതിയിലും താഴെയാണ് വിറ്റുവരവ്. മറ്റ് മാര്‍ക്കറ്റുകളുടെയും സ്ഥിതി വിഭിന്നമല്ല. മാര്‍ക്കറ്റുകളില്‍ വിപണനത്തിനെത്തുന്ന മത്സ്യങ്ങളുടെ കുറവ് പരിശോധിക്കുമ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് മത്സ്യംപോലും ലഭിച്ചിട്ടില്ലെന്ന് വേണം കണക്കാക്കാന്‍. കാലവര്ഷക്കോള് പ്രതീക്ഷിച്ച തൊഴിലാളികള്‍ മത് സ്യലഭ്യതക്കുറവില് കടുത്ത ആശങ്കയിലാണ്.
വികസനത്തിന്റെ പേരില്‍ വേമ്പനാട്ടുകായല്‍ പ്രദേശം ഏക്കറുകണക്കിനാണ് നികത്തി കരയാക്കിമാറ്റിയത്. ജിസിഡിഎക്കുവേണ്ടിയും കണ്ടെയ്നര്‍ ടെര്‍മിനലിനായി കൊച്ചി തുറമുഖ ട്രസ്റ്റും വല്ലാര്‍പാടം, മുളവുകാട് ദ്വീപുകളെ ബന്ധിപ്പിച്ച് കായലിന് കുറുകെ റെയില്‍പ്പാലം നിര്‍മിച്ചപ്പോഴും കായല്‍ഭാഗം ഏറിയ പങ്കും നികത്തപ്പെട്ടു. അരൂര്‍, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളില്‍ ഏക്കര്‍കണക്കിന് കായല്‍ തന്നെ ഇല്ലാതായിരിക്കുകയാണ്. പുതിയ ടൂറിസം പരീക്ഷണങ്ങളും കായലുകളില്‍ നിര്‍ബാധം നടക്കുന്നു. വിവിധയിനം കായല്‍മത്സ്യങ്ങളും ജീവികളും കായല്തട്ടുകളില്നിന്നും അപ്രത്യക്ഷമായതിന് ഇതെല്ലാം കാരണങ്ങളാണ്.
അതേസമയം കയ്യേറ്റവും മലിനീകരണവുമാണ് കായലിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പനങ്ങാട് ഫിഷറീസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി. മധുസൂദനക്കുറുപ്പ് ‘ജന്മഭൂമി’യോട് പറഞ്ഞു. എട്ട് മീറ്റര്‍ ഉണ്ടായിരുന്ന കായലുകളിലെ ആഴം വെറും രണ്ടര മീറ്ററായി കുറഞ്ഞു. കടലില്‍നിന്നും കയറിവരുന്ന മത്സ്യസമ്പത്താണ് കായലിനും അനുഗ്രഹമായി മാറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേലിയേറ്റവും ഇറക്കവും കുറഞ്ഞതോടെ വേമ്പനാട്ടുകായലില്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ആറ്റുകൊഞ്ച് ഇപ്പോള്‍ കാണാനില്ല. തിരുത, കാളാഞ്ചി, പൂമീന്‍ പോലുള്ള മത്സ്യങ്ങള്‍ കായല്‍പ്രദേശത്തുനിന്നും പൂര്‍ണമായും അപ്രത്യക്ഷമായി.
തന്റെ നേതൃത്വത്തില്‍ കായലിനെ സംബന്ധിച്ച് നടന്ന പഠനങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മത്സ്യപ്രജനനത്തിന് തീര്‍ത്തും അസാധ്യമായ മേഖലയായി കായല്‍ മാറിയെന്നും ഡോ. മധുസൂദനക്കുറുപ്പ് പറഞ്ഞു.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: