ജോഹന്നാസ്ബര്‍ഗ്: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഒബാമ പ്രസിഡന്റ് ജേക്കബ്ബ് സുമോയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മണ്ടേലയോടുള്ള തന്റെ ആദരവ് വ്യക്തമാക്കിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണുമായി മണ്ഡേലയെ താരതമ്യപ്പെടുത്തിയ ഒബാമ അമേരിക്കയുടെ പ്രാര്‍ത്ഥന മണ്ടേലക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
രണ്ട് തവണ പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോര്‍ജ് വാഷിംഗ്ടണ്‍ തനിക്കിനി സാധാരണ പൗരനായി ജീവിക്കണമെന്ന് വ്യക്തമാക്കി അധികാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പ്രസിഡന്റിന് ഭരണകാലാവധി നിയന്ത്രണം ഇല്ലാതിരിന്നിട്ടും സ്വയം അധികാരത്തില്‍ നിന്നിറങ്ങിപ്പോയ വ്യക്തിയെന്ന നിലക്കാണ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഇന്നും ആരാധ്യനാകുന്നത്. മണ്ടേലയും ഇത്തരത്തില്‍ ചിന്തിച്ച വ്യക്തിയായിരുന്നെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മണ്ഡേലയുടെ ധാര്‍മ്മിക ധൈര്യം വ്യക്തിപരമായി തനിക്കും ആശയപരമായി ലോകത്തിനും പ്രചോദനമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
മണ്ടേലയുടെ ആരോഗ്യനിലയില്‍ ജനങ്ങള്‍ കാണിക്കുന്ന ആശങ്കയും ശ്രദ്ധയും പരാമര്‍ശിച്ച ഒബാമ മാനുഷികമായ ഇത്തരം നിലപാടുകളാണ് ദക്ഷിണാഫ്രിക്കയെ ലോകശ്രദ്ധയില്പ്പെടുത്തുന്ന ഘടകങ്ങളിലൊന്ന് എന്ന് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയോടുള്ള അമേരിക്കന്‍ നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മണ്ടേലയുടെ വ്യക്തിപ്രഭാവം വര്‍ണ്ണിച്ചായിരുന്നു ഒബാമയുടെ മറുപടി. മനുഷ്യനെയും നിയമത്തേയും ബഹുമാനിച്ച് സമത്വത്തിന് പ്രാധാന്യം നല്കുമ്പോള് എന്തും സാധ്യമാകുമെന്ന് തെളിയിച്ചു തന്ന നേതാവാണ മണ്ടേലയെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ ഗുരുതരവാസ്ഥയില്‍ കഴിയുന്ന മണ്ടേലയെ ഒബാമ സന്ദര്‍ശിക്കില്ല. പകരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.
അതേസമയം, മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാമെന്ന് ഒബാമയ്ക്കൊപ്പം മാധ്യമങ്ങളോട് സംസാരിച്ച പ്രസിഡന്റ് ജോക്കബ് സുമോ വ്യക്തമാക്കി.
വിദഗ്ധരായ ഒരു സംഘം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മണ്ടേലെയന്നും ആരോഗ്യനില വീണ്ടെടുത്ത് അധികം താമസിയാതെ അദ്ദേഹം ആശുപത്രി വിടുമെന്നാണ് പ്രതീക്ഷയെന്നും ജേക്കബ്ബ് സുമോ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: