ആലപ്പുഴ: കലവൂരിലെ അനധികൃത സെമിത്തേരിക്കെതിരെ സമാധാനപരമായി സമരം നടത്തിയ പ്രദേശവാസികളെ പോലീസ് തല്ലിച്ചതച്ചു. സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയകലവൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിന്റെ ആറാട്ട് മണിമണ്പത്തിനും ജലസ്രോതസായ എ-എസ് കനാലിന് സമീപവും കലവൂര്‍ സെന്ത്തോമസ് പള്ളി അധികൃതര്‍ സെമിത്തേരി നിര്‍മിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദിയുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സമരം നടത്തിയവരെയാണ് പോലീസ് ഏകപക്ഷീയമായി തല്ലിച്ചതച്ചത്.
സ്ത്രീകളടക്കമുള്ള സമരക്കാരെ പുരുഷ പോലീസുകാരാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ ഹിന്ദുഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറി രഞ്ജിത് തായങ്കരി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കലവൂര്‍ തോട്ടുങ്കല്‍ ആര്.കുഞ്ഞുമോന്, തകിടിവെളിയില്‍ അജിത, വടക്കേവെളിയില്‍ ശശിധരന്, പ്രസന്ന എന്നിവരെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സെമിത്തേരി നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ദീര്‍ഘനാളായി സമരരംഗത്താണ്. കളക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നത് വരെ സെമിത്തേരി നിര്‍മാണം നടത്തരുതെന്നും മൃതദേഹങ്ങള്‍ എത്തിക്കരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഇന്നലെ പള്ളിയില്‍ മൃതദേഹം കൊണ്ടുവന്നത് സമരക്കാര്‍ തടയുകയായിരുന്നു.
റോഡില്‍ കുത്തിയിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരെ മാരാരിക്കുളം എസ്ഐ: ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. സ്ത്രീകളെ ബൂട്ടിട്ട് ചവിട്ടി. പലരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി മുഖത്തടക്കം മര്‍ദ്ദിച്ചു. പിന്നീട് സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിച്ചു. മുന്‍കാലങ്ങളില്‍ സമീപത്തെ വളവനാട് പള്ളിയിലാണ് മൃതദേഹങ്ങള്‍ സംസ്ക്കരിച്ചിരുന്നത്. അടുത്തകാലത്തായി പ്രദേശവാസികളെ പ്രകോപിപ്പിക്കുന്നതിനായാണ് മൃതദേഹങ്ങള്‍ കലവൂരിലെ പള്ളിയിലെത്തിച്ച് പ്രത്യേക ചടങ്ങുകള്‍ തുടങ്ങിയത്.
സമരക്കാരുമായി ചര്‍ച്ച പോലും നടത്താതെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധമായ സെമിത്തേരി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ പ്രസ്താവിച്ചു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കലവൂരില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹര്‍ത്താലാചരിച്ചു. വൈകിട്ട് പ്രതിഷേധ പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: