റിയോ ഡി ജെയിനെറോ: പതിനഞ്ച് ദിവസത്തെ പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊടിയിറങ്ങും. കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ സ്വപ്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലും നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടും. പുലര്‍ച്ചെ 3.30ന് ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫുട്ബോളിലെ ഈ ക്ലാസിക്ക് പോരാട്ടം. ഇന്ന് രാത്രി 12.30ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ഉറുഗ്വെ ഇറ്റലിയുമായും ഏറ്റുമുട്ടും.
ലോക ഫുട്ബോളില്‍ ഒരു പുതിയ ചരിത്രം കുറിക്കാനായാണ് സ്പാനിഷ് കാളക്കൂറ്റന്മാര് ഇന്ന് ഫൈനലിനിറങ്ങുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോകപ്പും ഒരു തവണ ലോകകപ്പും നേടിയ സ്പെയിന് കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമെന്ന ബഹുമതിക്ക് അവര്‍ അര്‍ഹരാകും. അതേസമയം ബ്രസീല്‍ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുക. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ചരിത്ത്രില്‍ ബ്രസീലിന്റെ ആറാം ഫൈനലാണിത്. ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ ഫൈനലിലെത്തിയതെങ്കില്‍ സഡന്‍ ഡെത്തില്‍ ഇറ്റലിയാണ് സ്പെയിനിന് മുന്നില്‍ കീഴടങ്ങിയത്. 14 വര്‍ഷത്തിനുശേഷമാണ് ബ്രസീലും സ്പെയിനും തമ്മില്‍ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മുന്‍പ് സ്പെയിനും ബ്രസീലും തമ്മില്‍ എട്ടു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ നാലെണ്ണം ബ്രസീല്‍ വിജയിച്ചപ്പോള്‍ സ്പെയിന് രണ്ട് മത്സരങ്ങളിലാണ് ജയിച്ചത്. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും തമ്മില്‍ അവസാനം ഏറ്റുമുട്ടിയത് 1999ല്‍ സൗഹൃദ മത്സരത്തിലായിരുന്നു. ഈ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ടീമിലെ ആര്‍ക്കും തന്നെ പരിക്കോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്തതിനാല്‍ സെമിഫൈനലില്‍ ഉറുഗ്വെക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് ബ്രസീല്‍ കലാശപ്പോരാട്ടത്തിനും അണിനിരത്തുകയെന്ന് കോച്ച് ലൂയി ഫിലിപ്പെ സ്കോളാരി വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെ പോലെ നെയ്മര്‍ തന്നെയായിരിക്കും ഇന്ന് സ്പെയിനിന്റെയും നോട്ടപ്പുള്ളി. എന്നാല്‍ ഈ സൂപ്പര്‍താരത്തെ പിടിച്ചുകെട്ടാന്‍ സ്പാനിഷ് പ്രതിരോധം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതോടെ പൗളീഞ്ഞോക്കും ഫ്രെഡിനും ഗോളടിക്കാന്‍ കൂടുതല്‍ അവസരം കിട്ടും. ഉറുഗ്വെക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇത് ദൃശ്യമായതുമാണ്.
കരുത്തുറ്റ പ്രതിരോധവും മധ്യനിരയുമാണ് ബ്രസീലിന്റെ കരുത്ത്. മുന്നേറ്റനിരയില്‍ നെയ്മറും പ്രതിഭാധനരായ ഫ്രെഡും പൗളീഞ്ഞോയും പകരക്കാരനായി ഇറങ്ങി ഗോളടിക്കുന്ന ജോയും മികച്ച ഫോമിലാണ്.
ഇത്തവണ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ കാനറികള്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയെ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ജപ്പാനെ 3-0നും മെക്സിക്കോയെ 2-0നും ഇറ്റലിയെ 4-2നും കാനറികള്‍ കീഴടക്കി.
ഒാരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ബ്രസീലിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. ചരിത്രമുറങ്ങുന്ന മാരക്കാനയിലെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന ബ്രസീലിന് ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന പതിനായിരങ്ങളുടെ പിന്തുണയും സ്വന്തമാകും. ആരാധകരുടെ ആവേശത്തിമിര്പ്പിലിറങ്ങുന്ന നെയ്മറെയും സംഘത്തെയും തടഞ്ഞുനിര്‍ത്തുക എന്നതാണ് സ്പാനിഷ് ചെമ്പട നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ അപാരമായ കഴിവ് പ്രകടിപ്പിക്കുന്ന നെയ്മറെ തളച്ചിടാന്‍ സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും ഉള്‍പ്പെടുന്ന സ്പാനിഷ് പ്രതിരോധനിരക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഉറുഗ്വെക്കെതിരായ സെമിഫൈനലില്‍ ഉറുഗ്വെയുടെ രണ്ട് പ്രതിരോധ നിരതാരങ്ങള്‍ നെയ്മര്‍ക്ക് കൂച്ചുവിലങ്ങിട്ടിട്ടും കെട്ടുപൊട്ടിച്ച് പുറത്തുചാടിയ ഈ സൂപ്പര്‍താരമാണ് ബ്രസീലിന്റെ രണ്ട് ഗോളുകള്‍ക്കും വഴിവച്ചത്. ഗോളടിക്കുന്നതിനൊപ്പം സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും അസാമാന്യ വൈഭവമാണ് നെയ്മര്‍ പുലര്‍ത്തുന്നത്. ജപ്പാനെതിരെയും മെക്സിക്കോക്കെതിരെയും നേടിയ ഉജ്ജ്വല ഗോളുകള്‍ മാത്രം മതി നെയ്മറിന്റെ പ്രതിഭയെ അളക്കാന്‍. ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ നേടിയ ഗോളും ഉജ്ജ്വലമായിരുന്നു.
പ്രതിരോധനിരയിലെ കരുത്തന് തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡാനി ആല്‍വ്സ്, ഡേവിഡ് ലൂയിസ്, മാഴ്സലോ എന്നിവര്‍ക്കായിരിക്കും തിയാഗോക്കൊപ്പം സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയൊടിക്കാനുള്ള ചുമതല. മധ്യനിരയില്‍ കളി മെനയുന്ന ദൗത്യം ഹള്‍ക്കിനും ഓസ്കറിനും ഗുസ്താവോക്കുമായിരിക്കും. എന്നാല്‍ വിംഗുകളില്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ നയിക്കുക പ്രതിരോധനിരയിലെ കരുത്തന്മാരായ ഡാനി ആല്‍വസും മാഴ്സലോയുമായിരിക്കും.
പ്രതിരോധം പരാജയപ്പെട്ടാലും ഗോള്‍ വലയം കാക്കാനിറങ്ങുന്നത് ചോരാത്ത കൈകളുമായി ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ജൂലിയോ സെസാറാണ്. അതുകൊണ്ടുതന്നെ ബ്രസീല്‍ വലയില്‍ പന്തെത്തിക്കാന്‍ സ്പാനിഷ് താരങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവരും.
അപരാജിതമായ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്പാനിഷ് ചെമ്പട ഇന്ന് ഫൈനലിനിറങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ നേടിയ ഉജ്ജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് സ്പെയിന് ഇറ്റലിക്കെതിരെ ഇറങ്ങിയത്. എന്നാല്‍ ഈ ആത്മവിശ്വാസത്തിനേറ്റ കനത്ത അടിയായിരുന്നു ഈ മത്സരം. സഡന്‍ ഡെത്തില്‍ വിജയിച്ച് ഫൈനലില്‍ കടന്നെങ്കിലും സ്പാനിഷ് ശൈലിയായ ടിക്കി ടാക്ക അസൂറികള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്നതിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. അവരുടെ ക്യാപ്റ്റനും ഗോളിയുമായ ഇകര്‍ കസിയസിന്റെ ഉജ്ജ്വല പ്രകടനമാണ് ഈ മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്നത്തെ പോരാട്ടത്തില്‍ ബ്രസീല്‍ മധ്യനിരയും സ്പാനിഷ് മുന്നേറ്റങ്ങളെ മുളയിലേ നുള്ളിയാല്‍ കാര്യങ്ങള്‍ കുഴപ്പമാകും.
എന്നാല്‍ കരുത്തുറ്റ മധ്യനിരയാണ് സ്പെയിന്റെ ശക്തിദുര്‍ഗം. സാവി, ആന്ദ്രെ ഇനിയേസ്റ്റ എന്നിവര്‍ക്കൊപ്പം ആര്ബിയോളയും ബസ്ക്വറ്റസും ഇറങ്ങുന്നതോടെ മധ്യനിരയില്‍ കളി മെനയാന്‍ ചെമ്പടക്ക് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഇറ്റലിക്കെതിരായ സെമിഫൈനലില്‍ ഇനിയേസ്റ്റ ഒഴികെ മറ്റാരും തന്നെ മികച്ച പ്രകടനം നടത്തിയില്ല എന്നത് സ്പാനിഷ് കോച്ച് ഡെല്‍ബോസ്കിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. അതേസമയം സെമിഫൈനലില്‍ പരിക്ക് കാരണം കളിക്കാതിരുന്ന റോബര്‍ട്ടോ സൊള്‍ഡാഡോയും സെസ് ഫാബ്രഗസും ഇന്ന് കളിക്കാനിറങ്ങുമെന്ന സൂചനയാണ് ടീം അധികൃതര്‍ നല്‍കുന്നത്. അങ്ങനെ വന്നാല്‍ സ്പെയിന് നിരക്ക് കരുത്തുകൂടുമെന്ന് ഉറപ്പാണ്.
അതേസമയം മുന്നേറ്റ നിരയില്‍ ഗോളടിക്കാന്‍ ആളില്ല എന്നതും സ്പെയിനിന്റെ പോരായ്മയാണ്. വെറ്ററന്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ് വിയയും പെഡ്രോയും ഗോളടിക്കുന്നതിനേക്കാള്‍ പന്ത് പുറത്തടിച്ചുകളയുന്നതിലാണ് മിടുക്ക് കാണിക്കുന്നത്. ടോറസ് നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയയെങ്കിലും ഇതില്‍ നാല് ഗോളുകളും ദുര്‍ബലരായ താഹിതിക്കെതിരെയാണ്. പോസ്റ്റിന് മുന്നില്‍ ഇകര്‍ കസിയസ് ഇറങ്ങുമെന്നതിനാല്‍ ഗോളടിക്കാന്‍ ബ്രസീല്‍ മുന്നേറ്റ നിരക്ക് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പ്. എന്തായാലും ഹാട്രിക്ക് കിരീടം ലക്ഷ്യം വച്ച് ആതിഥേയരായ ബ്രസീലും ലോകകപ്പിനും യുറോകപ്പിനും പുറകെ കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കാന്‍ സ്പെയിനും ഇറങ്ങുന്നതോടെ മത്സരം തീപാറുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: