തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ പേഴ്സണല്‍ സ്റ്റാഫുകളെ ബലിയാടാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്നും കേസ് ജോപ്പനില്‍ മാത്രം ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തണം. കേസില്‍ ശാലുമേനോനെ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യന്‍ അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ പത്തനംതിട്ട കോന്നി സ്വദേശി നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ആസ്ഥാനമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയര്‍ന്ന ലൈംഗികാരോപണ കേസിലെ പ്രതി ഗിരീഷിനെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ്. സലിം രാജിനെതിരായ റിപ്പോര്‍ട്ട് കൈയില്‍ വച്ച മുഖ്യമന്ത്രി നടപടി എടുത്തില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
ആരോപണ വിധേയരായ പേഴ്സണല്‍ സ്റ്റാഫുകളുടെ സ്വത്ത് വിവരത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ പോകാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാതെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: