ആലുവ: സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റം ചെയ്യാത്തവരെ ബലിയാടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസില്‍ മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പന് അറസ്റ്റിലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസിലെ അന്വേഷണം മുന്നോട്ട് പോവുകയാണ്. കുറ്റക്കാര്‍ ആരായിരുന്നാലും അവരെ നിയമത്തിന്റെ മുമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ല. അതേസമയം ആക്ഷേപം ഉന്നയിച്ചതിന്റെ പേരില്‍ ആരുടെയെങ്കിലും മേല്‍ ചാരി രക്ഷപ്പെടാന്‍ താന്‍ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈംഗികപീഡനക്കേസില്‍ ആരോപണ വിധേയനായ മുന്‍മന്ത്രി ജോസ് തെറ്റയിലിന്റെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടതുമുന്നണിയുമാണ്. ധാര്‍മികത ആരിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേരത്തെ കൈക്കൊണ്ടിരുന്ന സമീപനം എന്തായിരുന്നുവെന്ന് അവര്‍ ചിന്തിക്കണം.
തെറ്റയിലിന്റെ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ചയുണ്ടാകില്ല. എന്നാല്‍ അറസ്റ്റിനായി ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: