തൃശൂര്‍: കള്ളപാസ്പോര്ട്ടു നല്കി യുവതികളെ വിദേശത്തേക്ക് കടത്തുന്നതില്‍ സംസ്ഥാനമന്ത്രിമാര്ക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. ബിജെപി നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ജയില്‍ നിറയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും സ്ത്രീകളെ അപമാനിക്കുകയാണ്. ഇത് നിയമസഭയില്‍ ചോദ്യംചെയ്യാന്‍ ഇരുവര്‍ക്കും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിലെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരരില്‍ പലരും കേരളവുമായി അടുത്ത ബന്ധമുള്ളവരാണ്. മനുഷ്യക്കടത്ത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ്. വ്യാജപാസ്പോര്‍ട്ടുണ്ടാക്കി സുരക്ഷിതമായി ഭീകരപ്രവര്ത്തകര് ഗള്‍ഫില്‍ കടക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പാസ്പോര്‍ട്ട് ഓഫീസറാക്കി നിയമിച്ചതിലും ദുരൂഹതയുണ്ട്. രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ പ്രകൃതിദുരന്തത്തില്‍ അകപ്പെട്ട കേരളത്തിലെ സന്ന്യാസിമാരെ സഹായിക്കാതെ അവഹേളിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെല്ലാം സ്വകാര്യ ഹെലികോപ്ടര്‍ വരെ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജീകരിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ ഒരു എംപി ഒരുക്കിയ സ്വകാര്യവിമാനത്തിലാണ് സന്ന്യാസിമാരെ ദല്‍ഹിയില്‍ എത്തിച്ചത്. ആ സന്ന്യാസിമാരെ രക്ഷപ്പെടുത്തിയത് തങ്ങളാണെന്ന് കേരളസര്‍ക്കാര്‍ ജനങ്ങളോട് കള്ളം പറയുകയായിരുന്നു.
സ്വതന്ത്രഭാരതം കണ്ട അഴിമതിനിറഞ്ഞ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അഴിമതികള്‍ ഏറ്റവും ഭീകരമായ ടു ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിഎസ്സി ചെയര്‍മാനായി പി.സി. ചാക്കോയെ നിയമിച്ചത് അഴിമതിക്ക് വെള്ളപൂശാനാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: