ബീജിങ്: തന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ പരസ്പ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെഖ്വിയാങ്ങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചൈനയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ത്യയുടെ പ്രത്യേക നയതന്ത്ര പ്രതിനിധിയുമായ ശിവശങ്കര്‍ മേനോനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കെഖ്വിയാങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരാഖണ്ഡിലെ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുഭാവം പ്രകടപ്പിച്ച അദ്ദേഹം സഹായ വാഗ്ദാനവും മുന്നോട്ടുവച്ചു.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന് ഞാന്‍ തെരഞ്ഞെടുത്തത് ഇന്ത്യയെയാണ്. രണ്ടുരാജ്യങ്ങളും തമ്മിലെ ബന്ധത്തിന്റെ പ്രാധാന്യമാണ് ഇത് വെളിപ്പെടുത്തുന്നത്, കെഖ്വിയാങ്ങ് പറഞ്ഞു. സന്ദര്‍ശനം ഇന്തോ- ചൈന സഹകരണം വിപുലമാക്കുന്നതിനും പരസ്പ്പരം വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സഹായിച്ചു.
ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യ ആവശ്യപ്പെട്ടാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് വിദേശ കാര്യമന്ത്രിയുമായും മേനോന് ആശയവിനിമയം നടത്തി. നേരത്തെ, ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചൈനീസ് നയതന്ത്ര പ്രതിനിധി യാങ്ങ് ജിയെച്ചിയെയും അദ്ദേഹം കണ്ടിരുന്നു.
ഭാവിയില്‍ ഇന്ത്യ-ചൈന നയതന്ത്ര സഹകരണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാന്‍ പാകത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുതിയ തലങ്ങളിലെത്തിക്കാന്‍ തയ്യാറാണ്, ജിയെച്ചി പറഞ്ഞു. ജിയെച്ചിയുടെ നിര്‍ദേശത്തെ ഇന്ത്യന്‍ പ്രതിനിധി ശിവശങ്കര്‍ മേനോന് സ്വാഗതം ചെയ്തു.
ചൈനയിലെ പുതിയ ഭരണകൂടം അധികാരമേറ്റശേഷം ഇതാദ്യമായാണ് പ്രത്യേക നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: