തൊടുപുഴ: മുന്‍മന്ത്രി ജോസ്തെറ്റയിലിന് എതിരായ ലൈംഗികാരോപണ കേസില്‍ തെളിവുകള്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ തെറ്റയിലിന്റെ കേസില്‍ ഉദാരസമീപനമാണ് സ്വീകരിക്കുന്നത്.
എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ പരസ്പര സഹകരണവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സോളാര്‍ കേസിലും തെറ്റയില്‍ കേസിലും പരസ്പര സഹകരണവുമായാണ് ഇരുമുന്നണികളും മുന്നോട്ടു പോകുന്നതെങ്കില്‍ ജനവഞ്ചനയ്ക്ക് ഇരുമുന്നണികളും കനത്ത വില നല്‍കേണ്ടി വരുമെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ബിജെപി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് പാസ്സ്പോര്‍ട്ട് ഓഫീസറുടെ നിയമനം സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രതികരിക്കുന്നുണ്ടെങ്കിലും സിപിഎം ഔദ്യോഗിക നേതൃത്വം പ്രതികരിക്കാതിരിക്കുന്നത് സംശയാസ്പദമാണ്.
കോഴിക്കോട് പാസ്സ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. മനുഷ്യക്കടത്തിലും കള്ളക്കടത്തിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വരെ കോഴിക്കോട് പാസ്സ്പോര്‍ട്ട് ഓഫീസിന് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ സിപിഎം ഔദ്യോഗിക നേതൃത്വം മൗനം പാലിക്കുകയാണ്. 50,000 കോടി രൂപയുടെ കള്ളപ്പണവും സ്വര്‍ണവും കോഴിക്കോട് പാസ്സ്പോര്‍ട്ട് ഓഫീസിന്റെ സഹായത്തോടെ കേരളത്തിലെത്തിയിട്ടുണ്ട്.
ഇരുമുന്നണികളും ഇതിന്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും മുരളീധരന് ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: