കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എക്ക് എതിരെയുള്ള ലൈംഗികപീഡനക്കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി. പരാതിക്കാരിയായ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള ശക്തമായ സമ്മര്‍ദ്ദമാണ് നടക്കുന്നത്. തെറ്റയിലിന്റെ അടുത്ത സുഹൃത്തുക്കളായ ചില വ്യവസായപ്രമുഖരും ഭരണ-പ്രതിപക്ഷകക്ഷികളില്‍പ്പെട്ട ചില നേതാക്കളുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍.
കേസ് ശക്തമായി മുന്നോട്ടുപോയാല്‍ തെറ്റയിലിനൊപ്പം തങ്ങളും കുടുങ്ങുമെന്ന ഭയമാണ് ഇവരുമായി അടുത്തബന്ധമുള്ള വ്യവസായികളെ പരാതി പിന്‍വലിപ്പിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്. നേരത്തെ തെറ്റയിലിനെതിരെ ഉയര്‍ന്ന പ്രശ്നങ്ങളൊക്കെ പറഞ്ഞുതീര്‍ക്കുവാന്‍ മുന്‍കയ്യെടുത്തത് ഈ വ്യവസായസുഹൃത്തുക്കളും ഇരുമുന്നണിയിലെയും ചില നേതാക്കളുമാണ്. ഇപ്പോഴും പ്രതിസന്ധിഘട്ടത്തില്‍ ഇവരെല്ലാംതന്നെയാണ് തെറ്റയിലിന്റെ രക്ഷയ്ക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. മഞ്ഞപ്രയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലയിലെ ഒരു മന്ത്രിയും പ്രശ്നപരിഹാരത്തിന് നേരത്തെ രംഗത്തിറങ്ങിയിരുന്നു. അങ്കമാലിയിലെ പല പ്രാദേശികകോണ്‍ഗ്രസ് നേതാക്കളും തെറ്റയിലിനൊപ്പമാണെന്നതും പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
യുവതി പരാതി നല്കി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെറ്റയിലിനെ കണ്ടെത്തുവാന്‍ പോലീസിനായിട്ടില്ല. പോലീസ് നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് പരാതിയുണ്ട്. ഇന്നലെ തെറ്റയിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡും വെറും പ്രഹസനമായിരുന്നുവെന്നാണ് സൂചന. പരാതിക്കാരിയായ യുവതി ലാപ്ടോപ്പും വെബ്ക്യാമറയും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത കാലഘട്ടത്തില്‍ തന്നെ തെറ്റയിലിന് കൈമാറിയിരുന്നുവത്രേ. ഈ ലാപ്ടോപ്പും ക്യാമറയും കണ്ടെത്തുന്നതിന് തെറ്റയിലിനെ പിടികൂടിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ. എഡിറ്റ് ചെയ്ത രംഗങ്ങളാണ് കൈമാറിയിരിക്കുന്നതെന്ന പോലീസിന്റെ വാദവും യുവതി നിഷേധിച്ചിരിക്കുകയാണ്. സിഡിയിലുള്ളത് ഒരുതരത്തിലും എഡിറ്റ് ചെയ്യാത്തവയാണത്രേ. ലാപ്ടോപ്പ് തെറ്റയിലിന് നല്‍കിയെങ്കിലും ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു.
മകനുമായി വിവാഹം നടത്താമെന്ന് പറഞ്ഞ് മരട് രജിസ്ട്രാര്‍ ഓഫീസില്‍ യുവതിയും ബന്ധുക്കളും വരനും എത്തിയിരുന്നുവെങ്കിലും തെറ്റയില്‍ വാക്ക്മാറ്റിയതോടെയാണ് വിവാഹം നടക്കാതെ പോയത്. ഇതില്‍ അമര്‍ഷം പൂണ്ടാണ് യുവതി പഴയ സിഡിയുമായി പോലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവസഭയുടെ ഓമനപ്പുത്രനാണ് ജോസ് തെറ്റയില്‍. സഭയുടെ സ്വന്തം മന്ത്രിയും എംഎല്‍എയുമൊക്കെയായിരുന്നു ഇദ്ദേഹം. അങ്കമാലി പോലുള്ള കോണ്‍ഗ്രസ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് തെറ്റയില്‍ വിജയിച്ചിരുന്നത് സഭയുടെ അകമഴിഞ്ഞ പിന്തുണമൂലമാണ്. ഇപ്പോള്‍ തെറ്റയിലിനെ രക്ഷിക്കാനും സഭ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും പറയപ്പെടുന്നു. മുഖ്യമന്ത്രി തെറ്റയില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലാത്തതും ശ്രദ്ധേയമാണ്. ഇതുമൂലം പോലീസ് നടപടികള്‍ ഇഴയുകയാണ്. യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദുര്‍ബലമായ എഫ്ഐആറിലൂടെ തെറ്റയിലിനെ രക്ഷപ്പെടുത്തുവാനാണ് ഭരണപക്ഷത്തെപ്രമുഖര് നീക്കം നടത്തുന്നത്. തെറ്റയിലിനാകട്ടെ എല്ലാക്കാലത്തും കോണ്‍ഗ്രസില്‍നിന്നും ഒരു ‘കൈ’ സഹായം ലഭിച്ച ചരിത്രമാണുള്ളത്. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കാതെ പോലീസ് ഒത്താശയോടെ തന്നെ എഫ്ഐആര്‍ തള്ളിക്കളയുവാനാനുള്ള നീക്കമാണ് തെറ്റയില്‍ ഇപ്പോള്‍ നടത്തുന്നത്്. ഇതിനായി ഹൈക്കോടതിയെ സമീപിക്കുവാനാണ് തെറ്റയില്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുമായി അദ്ദേഹം ചര്‍ച്ച നടത്തിക്കഴിഞ്ഞു. പോലീസാകട്ടെ തെറ്റയിലിന് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിക്കൊണ്ടുള്ള കള്ളക്കളിയാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: