കൊല്ലം: ജില്ലയിലെ ഹോട്ടലുകളിലെ വില ഏകീകരണത്തിനായി സബ്കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി.മോഹനന് പറഞ്ഞു.
പ്രവര്‍ത്തന നിലവാരമനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കും. വില ഏകീകരണത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ഭക്ഷ്യോപദേശസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിഹീനമായി നടത്തുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി കൂടുതല്‍ ശക്തമാക്കും. ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹോട്ടല്‍ പരിശോധന ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടിസ്വീകരിക്കും. ബില്‍ വ്യക്തവും ഇനംതിരിച്ചും തയ്യാറാക്കണമെന്നും കളക്ടര്‍ പറഞ്ഞു. റേഷന്‍ കടകളടക്കം ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ശക്തമാക്കും. റേഷന്‍ കടകളില്‍ റെയ്ഡ് ശക്തമാക്കണമെന്ന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
മാവേലി സ്റ്റോറുകളില്‍ സബ്സിഡിയിനങ്ങള് മാസം മുഴുവനും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. റേഷന്‍ കടകള്‍ പകല്‍ പത്തുമണിക്കുതന്നെ തുറക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗത്തില്‍ പി.കെ.ഗുരുദാസന് എംഎല്‍എ, കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്മാന് എം അന്‍സാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി സുധര്‍മകുമാരി, സമിതി അംഗങ്ങളായ എബ്രഹാം സാമുവല്‍, രാധാകൃഷ്ണപിള്ള, അഡ്വ.സുഗതന്, ഷാഫി, ഹിലാല്‍, കുറ്റിയില്‍ ശ്യാം, ചിരട്ടക്കോണം സുരേഷ്, താജുദ്ദീന്, ഇന്ദുശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: