സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനനം. മുത്തച്ഛന്, അച്ഛന്, അമ്മ, ചെറിയച്ഛന്, സഹോദരന് എല്ലാവരും സംഗീതദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ചവര്‍. ഭൂമിയില്‍ ജനിച്ചു വീണ എല്ലാവര്ക്കും ഈ ഭാഗ്യമുണ്ടായെന്ന് വരില്ല. എന്നാല്‍ കോടമ്പള്ളി ശ്രീരഞ്ജിനിക്ക് ഈ ഭാഗ്യം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. മുത്തച്ഛനില്‍ നിന്നും ലഭിച്ച സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ രഞ്ജിനിയെ കര്‍ണ്ണാടക സംഗീതലോകത്തെത്തിച്ചു. കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീരഞ്ജിനി ഇന്ന് കേരളത്തിലും പുറത്തും അറിയപ്പെടുന്ന സംഗീതജ്ഞയാണ്.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഈയിടെ ശ്രീരഞ്ജിനിയുടെ സംഗീത സിഡി പ്രകാശന ചടങ്ങ് നടന്നിരുന്നു. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്ററാണ് സിഡി പ്രകാശനം ചെയ്തത്. കര്‍ണ്ണാടക സംഗീതത്തിനുള്ള തന്റെ ആദരവായിട്ടാണ് ഇത്തരമൊരു ചുവടുവെപ്പ് നടത്തിയതെന്ന് ശ്രീരഞ്ജിനി പറയുന്നു. ആറ് കൃതികളടങ്ങിയ സിഡിയുടെ പേര് നിദ്ര എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പതിഞ്ഞ കാല പ്രമാണങ്ങളുള്ള ശാസ്ത്രീയ കൃതികളാണ് സിഡിയിലുള്ളത്. ത്യാഗരാജ സ്വാമികളുടെ ഉയ്യാലലോഗ വയ്യ എന്ന കൃതിയാണ് തുടക്കത്തിലുള്ളത്. ശ്രീരഞ്ജിനി തന്നെയാണ് ആറ് കൃതികളും ആലപിച്ചിരിക്കുന്നത്.
ശ്രീരഞ്ജിനിയുടെ മുത്തച്ഛന് കോടമ്പള്ളി ഗോപാലപിള്ള പ്രശസ്തനായ സംഗീതജ്ഞനാണ്. യേശുദാസ്, ദക്ഷിണാമൂര്‍ത്തി എന്നിവരുമൊത്ത് സംഗീത സദസ്സുകളും നടത്തിയിട്ടുണ്ട്. അച്ഛന് അപ്പുക്കുട്ടന്‍പിള്ളയും സംഗീതജ്ഞനാണ്. സ്ക്കൂള് തലത്തില്‍ സംഗീതത്തിനും വയലിനും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ശ്രീരഞ്ജിനി കോളേജ് തലത്തിലും ആ പാത പിന്തുടര്ന്നു. ബിഎ മ്യൂസിക്കിലും, എംഎ മ്യൂസിക്കിലും ഒന്നാം റാങ്കോടെ പാസായി. പ്രൊഫ. അസ്തമന് പിള്ളയില്‍ നിന്നും, ആര്‍എല്‍വി കോളേജില്‍ നിന്നുമാണ് ഈ കാലയളവില്‍ സംഗീതം അഭ്യസിച്ചത്. കേരള യൂണിവേഴ്സിറ്റിയില്‍ എംഫില്‍ ചെയ്ത ശ്രീരഞ്ജിനി സംഗീതത്തില്‍ എ ഗ്രേഡോടെയാണ് പാസായത്.
2009ല്‍ സംസ്ഥാന സര്‍ക്കാരിന്റെ യുവസംഗീത പ്രതിഭക്കുള്ള ചെമ്പൈ പുരസ്ക്കാരം ലഭിച്ചത് മറക്കാനാവാത്ത ഓര്‍മ്മയായി ശ്രീരഞ്ജിനി കരുതുന്നു. യൂണിവേഴ്സിറ്റി തലത്തില്‍ നാല് തവണ തുടര്‍ച്ചയായി ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ആകാശവാണി ആര്‍ട്ടിസ്റ്റായ ടി.എച്ച്.ലളിതയുടെയും, ബംഗളൂരുവിലെ നിലാ രാംഗോപാലിന്റെയും ശിക്ഷണത്തില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോള്‍ ശ്രീരഞ്ജിനി. ബംഗളൂരു യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഇതിനോടകം നൂറിലധികം വേദികളില്‍ ശ്രീരഞ്ജിനി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ടി.വി.ചാനലുകളിലും പരിപാടി അവതരിപ്പിക്കുന്നുണ്ട്.
റിയാലിറ്റി ഷോകളും, റീമിക്സ് ഗാനങ്ങളും പരിധിവിടുന്നുണ്ടെന്നാണ് ശ്രീരഞ്ജിനിയുടെ അഭിപ്രായം. എല്ലാ രീതിയിലുമുള്ള ഗാനങ്ങളും ആസ്വദിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ ശാസ്ത്രീയ അടിത്തറ ഉണ്ടെങ്കില്‍ ഏത് തരത്തിലുള്ള ഗാനങ്ങള്‍ക്കും അതിന്റേതായ ഭംഗിയുണ്ടാകുമെന്ന് ശ്രീരഞ്ജിനി പറയുന്നു. റിയാലിറ്റി ഷോകള്‍ക്ക് പ്രാധാന്യം നല്‍കിയതോടെ ശാസ്ത്രീയ സംഗീതത്തിന് ചാനലുകള്‍ പരിഗണ നല്‍കുന്നില്ലെന്ന പരിഭവവും ശ്രീരഞ്ജിനി മറച്ചുവെച്ചില്ല. കാലങ്ങളോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച് പ്രശസ്തരായ നിരവധി പേര് കേരളത്തിലുണ്ട്. എന്നാല്‍ അഞ്ച് മിനിറ്റ് സമയം സിനിമയില്‍ പാടുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന പരിഗണനപോലും ശാസ്ത്രീയ സംഗീത രംഗത്ത് സജീവമായവര്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒരു സിനിമയില്‍ ഒരു പാട്ട് പാടുന്നവര്ക്കുപോലും ചാനലുകള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നുണ്ട്. ലോക സംഗീതത്തിന് തന്നെ അഭിമാനമാണ് ശാസ്ത്രീയ സംഗീതം. ഈ മേഖലയിലെ മികച്ച സംഗീതജ്ഞരെ പരിചയപ്പെടുത്തുന്നതിലൂടെ നമ്മുടെ സംസ്ക്കാരത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നും ശ്രീരഞ്ജിനി അഭിപ്രായപ്പെടുന്നു. മറ്റുള്ള പരിപാടികള്‍ക്കൊപ്പം ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികള്‍ക്കും ചാനലുകള്‍ പരിഗണന നല്‍കണമെന്നാണ് ശ്രീരഞ്ജിനിയുടെ അപേക്ഷ.
ചില ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെയാണ് മലയാള സിനിമയിലേക്കുള്ള ക്ഷണം ശ്രീരഞ്ജിനിയെത്തേടി എത്തിയത്. സംവിധായകന് ഷാജി എന്‍ കരുണിന്റെ ഏറ്റവും പുതിയ ചിത്രം സ്വപാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരികയാണ് ശ്രീരഞ്ജിനി. ശ്രീവത്സന്‍ ജെ മേനോനാണ് സംഗീതസംവിധായകന്. ശ്രീരഞ്ജിനിയുടെ പാട്ടുകള്‍ യൂട്യൂബിലൂടെ കേട്ട പെരുകാവ് സുധീറാണ് സിനിമയിലേക്കുള്ള ചുവടുമാറ്റത്തിന് വഴിതെളിച്ചത്. ചിത്രത്തില്‍ അഷ്ടപദി ശീലുള്ള ഗാനമാണ് പാടിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ശ്രീരഞ്ജിനിയുടെ തറവാടെങ്കിലും മലപ്പുറത്താണ് കുടുംബാംഗങ്ങള്‍ താമസിക്കുന്നത്. പഠനകാലം പൂര്‍ത്തിയാക്കിയ ശ്രീരഞ്ജിനി വിവാഹശേഷം ഭര്‍ത്താവ് പ്രദീപുമായി ബംഗളൂരുവിലാണ് സ്ഥിരതാമസം.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: