കൊല്ലം: ഉണ്ണിത്താന് വധശ്രമക്കേസിലെ പ്രതിയായ ഡിവൈ.എസ്.പി എന്‍.അബ്ദുല്‍റഷീദ് ഇന്ന് റെയില്‍വെ കോടതിയില്‍ ഹാജരാകും. 2010 ഡിസംബര്‍ 28ന് ഉച്ചക്ക് 2.45ന് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് സ്റ്റോപ്പില്ലാത്ത കൊല്ലത്ത് ചങ്ങല വലിച്ചുനിര്‍ത്തിയ കേസിലാണ് റഷീദ് വിചാരണക്കായി ഇന്ന് ഹാജരാകുക. റെയില്‍വേ ആക്ട് 141 പ്രകാരമാണ് റഷീദിനെതിരെ കേസ്. ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കൊല്ലം ആര്.പി.എഫ് എസ്ഐ മനോഹരന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ മജിസ്ട്രേറ്റ് കെ.കെ.അനുജനാണ് 28ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി റഷീദിന് സമന്‍സ് അയച്ചത്.
ഉണ്ണിത്താന്വധശ്രമകേസിലെ പ്രതികളുമായി ഗോവ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു റഷീദ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ വിട്ടയുടന്‍ കൊല്ലത്ത് നിര്‍ത്തണമെന്ന് റഷീദ് ലോക്കോപെയിലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലത്ത് സ്റ്റോപ്പിലാത്ത ട്രെയിന്‍ അവിടെ നിര്‍ത്താനാവില്ലെന്നും സിഗ്നല്‍ ലഭിക്കാതെ നിര്‍ത്തേണ്ടിവന്നാല്‍ ഇറങ്ങാമെന്നും ലോക്കോപെയിലറ്റ് അറിയിച്ചു. എന്നാല്‍ ട്രെയിന്‍ കൊല്ലത്ത് നിര്‍ത്താതെ മുന്നോട്ടോടി. തുടര്‍ന്ന് റഷീദ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഈ സമയം പുറത്തിറങ്ങി കാര്യം അന്വേഷിച്ച ലോക്കോപെയിലറ്റിനോടും അസിസ്റ്റന്റ് ലോക്കോപെയിലറ്റിനോടും കോച്ച് അസിസ്റ്റന്റിനോടും ഡിവൈഎസ്പി റഷീദ് സ്വയം എസ്പിയാണെന്ന് പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് റെയില്‍വേ പോലീസ് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: