കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയെ ലോകോത്തര നിലവാരത്തിലുള്ള കേന്ദ്ര സംസ്കൃത സര്‍വകലാശാലയാക്കി മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് പറഞ്ഞു. വൈസ്ചാന്‍സലറായി ചുമതലയേറ്റശേഷം ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കൃത സര്‍വകലാശാല വൈസ്ചാന്‍സര്‍ സംസ്കൃതപണ്ഡിതനായിരിക്കണമെന്ന് പറയുന്നതില്‍ വലിയ കഥയില്ല. മുന്‍ വൈസ്ചാന്‍സലര്‍മാരായ ഡോ. കെ.എന്‍. പണിക്കര്‍ക്ക് ചരിത്രത്തിലും ഡോ. കെ.എസ്. രാധാകൃഷ്ണന് ഫിലോസഫിയിലുമായിരുന്നു പാണ്ഡിത്യം. സര്‍വകലാശാലയിലെ ഭരണനിര്‍വഹണ ഫയലുകളെല്ലാം തന്നെ ഇംഗ്ലീഷിലും മലയാളത്തിലുമാണ്. സംസ്കൃതത്തിലല്ല. സര്‍വകലാശാലയുടെ വളര്‍ച്ചക്കായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് പ്രധാനം. ഇച്ഛാശക്തിയോടെ തീരുമാനമെടുത്ത് മുന്നോട്ടുപോയാല്‍ മാത്രമേ സര്‍വകലാശാലയെ ഉയരങ്ങളില്‍ എത്തിക്കുവാനുകയുള്ളൂ.
സര്‍വകലാശാലയിലെ സംസ്കൃത പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് സംസ്കൃതത്തിന്റെ വളര്‍ച്ചക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. കൊമേഴ്സുകാരന് വൈസ്ചാന്‍സലര്‍ ആയതിനാല്‍ സംസ്കൃതം പത്തിരട്ടി വളരുകയേയുള്ളൂ.
ആദിശങ്കരന്റെ ജന്മഭൂമിയില് സംസ്കാരത്തിന്റെ ഉറവ് വറ്റാതെ സംസ്കൃതത്തെ സംരക്ഷിക്കണമെന്നാഹ്രമുണ്ട്. ഇതിനായി എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് കൊണ്ടുപോകും. ഭാരതത്തിലേക്കാള് കൂടുതല്‍ സംസ്കൃതപഠനങ്ങള് നടക്കുന്നത് ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇറ്റലിയിലുമൊക്കെയാണ്. നമ്മുടെ ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയുടെ പ്രാധാന്യം വിദേശികള്‍ക്ക് നന്നായറിയാം. ഇന്ത്യയുടെ സാംസ്കാരികതയെ ഉണര്‍ത്തുന്ന ജ്വലിപ്പിക്കുന്ന ഒന്നായിമാറണം സംസ്കൃത സര്‍വകലാശാല. ഇതിനായി അന്തര്‍ദേശീയ സെമിനാര്‍ ഫെസ്റ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിക്കും. ഭാഷകളുടെ മാതാവായ സംസ്കൃതത്തിന്റെ വളര്‍ച്ചക്കും പോഷണത്തിനും ഇത് ഏറെ പ്രയോജനം ചെയ്യും. ആരോഗ്യമേഖലക്ക് വലിയ സംഭാവനയാണ് സംസ്കൃതം നല്‍കിയിട്ടുള്ളത്. ആയുര്‍വേദത്തിന്റെ അറിവ് ഉറങ്ങിക്കിടക്കുന്നത് സംസ്കൃത ഗ്രന്ഥങ്ങളിലാണ്. ആയുര്‍വേദവും പൗരാണിക ചികിത്സാവിഭാഗങ്ങളും പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
സര്‍വകലാശാലയില്‍ നേരത്തെ നിര്‍ത്തലാക്കിയ ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, സ്വാമി ആഗമാനന്ദ തുടങ്ങി എട്ടോളം പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കും. കേരളത്തിലെ ഏറ്റവും അഭിമാനകരവും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെടുന്നതുമായ ഒന്നായി സര്‍വകലാശാലയെ മാറ്റണം. സംസ്കൃതപഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ ലഭ്യമാക്കുന്ന തരത്തില്‍ ന്യൂജനറേഷന് കോഴ്സുകളും ആരംഭിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ കൂട്ടായചര്ച്ചകള് നടത്തിയ ശേഷമായിരിക്കും കോഴ്സുകള്‍ ഡിസൈന്‍ ചെയ്യുക.
വളരെയേറെ പ്രതീക്ഷയോടെയാണ് വൈസ്ചാന്‍സലറായി ചുമതലയേറ്റത്. ആദിശങ്കരന്റെ ജന്മഭൂമിയില് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള സര്‍വകലാശാലയില്‍ ഒരു നിയോഗമായിട്ടാണ് എത്തിയിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധമായ കാലടി മികവിന്റെ കേന്ദ്രമാറ്റി മാറ്റും. കേന്ദ്ര സംസ്കൃത സര്‍വകലാശാല ആക്കുന്നതിനായി കെ.പി. ധനപാലന് എംപി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സര്‍വകലാശാലയില്‍ ആദ്യഘട്ടത്തിലുണ്ടായ കോഴ്സുകള്‍ എന്തുകൊണ്ട് നിന്നുപോയി, എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുവരുന്ന എന്നതിനെക്കുറിച്ച് പഠിച്ച് തീരുമാനങ്ങളെടുക്കും. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ മാറ്റം വരുത്തുവാനാകുകയുള്ളൂ. പുതിയ വഴികളിലൂടെ നല്ല രീതിയില്‍ നയിക്കാനാണ് ശ്രമിക്കുക. വന്ന വഴികള്‍ മറന്നുപോകാതെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വേറിട്ട് കാണാതെ സത്യസന്ധമായ നിയോഗത്തോടെ മുന്നോട്ടുനയിക്കുവാന്‍ ശ്രമിക്കും. മുന്‍ വിസിമാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവയെ ആദരിക്കും. 30 വര്‍ഷകാലം അധ്യാപകനായുള്ള അനുഭവസമ്പത്തുണ്ട്. 23 വര്‍ഷം നാഷണല്‍ സര്‍വീസ് സ്കീം സംഘാടകനായിരുന്നു. ഈ മികവിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
ഇന്ന് കലാടി ആസ്ഥാനത്ത് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തന്റെ സങ്കല്‍പ്പങ്ങള്‍ അവതരിപ്പിച്ച് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുമെന്നും വിസി പറഞ്ഞു. മേറ്റ്ല്ലാ പരിഗണനകളും മാറ്റിവെച്ച് സര്‍വകലാശാലയുടെ ഉയര്‍ച്ചക്കായി എല്ലാവരെയും ഒത്തൊരുമിച്ച് പോകുവാനാണ് ശ്രമിക്കുന്നതെന്നും ഡോ. ദിലീപ്കുമാര് പറഞ്ഞു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: