കോട്ടയം: ഉത്തരവാദിത്ത ടൂറിസം- വിശകലനവും പുരോഗതിയും എന്ന വിഷയത്തില്‍ ത്രിദിന രാജ്യാന്തര സമ്മേളനത്തിന് കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ തുടക്കമായി. സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ.കെ.ചിരഞ്ജീവിയുടെ ഉദ്ഘാടന സന്ദേശം അദ്ദേഹത്തെ പ്രതിനിധീകരിച്ചെത്തിയ പ്രൈവറ്റ് സെക്രട്ടറി ഡോ. സായി പ്രതാപ് വായിച്ചു. ഉത്തരവാദിത്ത ടൂറിസം ഭാവിതലമുറയ്ക്കു വേണ്ടിയുള്ളതാണെന്ന് ഡോ.ചിരഞ്ജീവി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ടൂറിസം രംഗത്തെ ഇന്ത്യയുടെ വിഭവശേഷി ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സെയിലന്റ് വാലിയുടെ സംരക്ഷണവും മുസിരിസ് മേഖലയുടെ വികസനവും കായല്‍ ടൂറിസത്തിന്റെ വളര്‍ച്ചയുമെല്ലാം ഇന്ത്യയുടെ വിനോദസഞ്ചാരമേഖലയ്ക്കുതന്നെ അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മേഖലയിലും സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. പരിസ്ഥിതിസംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും മുന്‍തൂക്കം നല്‍കിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുമരകത്തെ വിനോദസഞ്ചാരമേഖലയില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലായിടത്തും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളിലൂന്നിയുള്ള ഉത്തരവാദിത്ത ടൂറിസം കേരളത്തില്‍ കോവളം, കുമരകം, തേക്കടി, വയനാട് എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ കുമരകത്തിനുണ്ടായ നേട്ടമാണ് രാജ്യാന്തര തലത്തില്‍ കുമരകത്തെ മാതൃകയായി പ്രഖ്യാപിക്കുന്നതിന് വഴിതെളിച്ചത്. കുമരകത്ത് മാത്രം 1500 കുടുംബങ്ങള്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് മികച്ച ജീവിതനിലവാരം കൈവരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്ത ടൂറിസം വികസനമാണ് കുമരകത്തു നടപ്പാക്കപ്പെടുന്നതെന്നത് ഏറെ ഗുണകരമാണെന്ന് ആശംസകളര്‍പ്പിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി (ടൂറിസം, ഗതാഗതം, സാംസ്കാരികം) ചെയര്മാന് സീതാറാം യച്ചൂരി പറഞ്ഞു.
കുമരകത്തെ ഉത്തരവാദിത്ത ടൂറിസം വിജയപ്രദമായതില് ഇവിടുത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ ഇടപെടല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ. സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. യുഎന്‍ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ തലബ് ഡി. റിഫൈയുടെ ദൃശ്യസന്ദേശം ഉദ്ഘാടനചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി ആനന്ദ് കുമാര്‍, ടൂറിസം സെക്രട്ടറി സുമന് ബില്ല, ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, ജികെഎസ്എഫ് ഡയറക്ടര്‍ യു.വി.ജോസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിര്മല ജിമ്മി, കെടിഡിസി ചെയര്മാന് വിജയന് തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: