കൊച്ചി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍പെട്ട് കുടുങ്ങിപ്പോയ ശിവഗിരി മഠത്തിലെ സന്യാസി മാരടക്കം കേരളീയരായ തീര്‍ത്ഥാടകരെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ബദരി, കേദാര്‍ തുടങ്ങി ഒട്ടേറെ തീര്‍ത്ഥസ്ഥലങ്ങളില്‍ ഒറ്റപ്പെടുകയും കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരുകയും ചെയ്ത മലയാളികളോട് നിരുത്തരവാദപരമായിട്ടാണ് കേരളസര്‍ക്കാര്‍ പെരുമാറിയത്. ഹെലിക്കോപ്പ്ടറില് എല്ലാവരേയും കയറ്റി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേരള സര്‍ക്കാര്‍ കഴിഞ്ഞ 10 ദിവസമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങളെല്ലാം പച്ചനുണയായിരുന്നുവെന്ന് അനുഭവസ്ഥരെല്ലാം ആണയിട്ടു പറയുന്നു. ബദല്‍ സംവിധാനങ്ങളും സഹായസന്നാഹങ്ങളും ഏര്‍പ്പെടുത്താതെ എല്ലാം ചെയ്യുന്നു വെന്ന് വരുത്തിത്തിര്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അപകടത്തില്‍പെട്ട എത്രപേരെയാണ് രക്ഷപെടാന്‍ സഹായിച്ചതെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റ് സംസ്ഥാനസര്‍ക്കാരുകള്‍ സ്വന്തം നിലക്ക് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ മാത്രം കപടഅവകാശവാദങ്ങളും പത്രപ്രസ്താവനകളും മാത്രം നടത്തി നിഷ്ക്രിയരായി നിന്നു. സര്‍ക്കാരിന്റെ ഈ ക്രൂര വിനോദം അര്‍ഹിക്കുന്ന ഗൗരവത്തോടെ കേരള ജനത നോക്കിക്കാണണമെന്ന് കുമ്മനം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: