ന്യൂയോര്‍ക്ക്: അമേരിക്കയിലെ മസാച്യുസെറ്റ്സ് സെനറ്റ് സീറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി നിലനിര്‍ത്തി.
വാശിയേറിയ പ്രത്യേക തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി എഡ്വാര്‍ഡ് മര്കെ റിപ്പബ്ലിക്കന്‍ എതിരാളി ഗബ്രിയേല്‍ ഗോമസിനെ പരാജയപ്പെടുത്തി. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ മര്കെ 54 ശതമാനംപേരുടെ പിന്തുണ ഉറപ്പിച്ചു.
29 വര്‍ഷം മസാച്യുസെറ്റ്സിനെ പ്രതിനിധീകരിച്ച ജോണ്‍ കെറി യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി സ്ഥാനത്തേക്കുപോയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ 54-45ന്റ ഭൂരിപക്ഷം നിലനിര്‍ത്തി.
വര്‍ഷങ്ങളായി കൈവശമുള്ള സീറ്റായിരുന്നെങ്കിലും അട്ടിമറി ഭയന്ന് ഡെമോക്രാറ്റുകള്‍ ശക്തമായ പ്രചാരണമാണ് മസാച്യുസെറ്റ്സില്‍ നടത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പണംവാരിയെറിഞ്ഞതിനു പുറമെ പ്രസിഡന്റ് ബരാക് ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളും മര്കെയ്ക്കുവേണ്ടി നേരിട്ട് വോട്ടഭ്യര്‍ഥിച്ചിരുന്നു.
37 വര്‍ഷം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്വം വഹിച്ച മര്കെയ്ക്ക് ജനോപകാരപ്രദമായ യാതൊന്നും ചെയ്യാനായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണം. എന്നാല്‍ അതത്ര ഗുണം ചെയ്തില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: