തൃശൂര്‍ : ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ചുള്ള സിഐജി റിപ്പോര്‍ട്ട് ശരിയാണെന്ന അഭിപ്രായത്തില്‍ താനിപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് മുന്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് പറഞ്ഞു. പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഡിറ്റ് റിപ്പോര്‍ട്ട് വിവിധ രാജ്യങ്ങളിലെ പന്ത്രണ്ട് സിഎജിമാര്‍ പരിശോധിച്ച് അംഗീകരിച്ചതാണ്. ഏറ്റവും നല്ല ഓഡിറ്റ് റിപ്പോര്‍ട്ടാണെന്ന് അവര്‍ വ്യക്തമാക്കിയതുമാണ്. ആരേയും ദ്രോഹിക്കാനോ പ്രീതിപ്പെടുത്താനോ ആയിരുന്നില്ല സിഎജി റിപ്പോര്‍ട്ട്.
സി.എ.ജി. ആയിരുന്ന കാലത്ത് ആരും ശിപാര്‍ശയുമായി വന്നിട്ടില്ല. ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയിട്ടില്ല. സത്യസന്ധവും സുതാര്യവുമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സി.എ.ജി. പരിധി ലംഘിച്ചിട്ടില്ല. സര്‍ക്കാരിന്റെ നയപരിപാടിയിലോ പദ്ധതിയിലോ സി.എ.ജിക്ക് ഇടപെടാനാവില്ല. റവന്യൂ നഷ്ടമാണ് സി.എ.ജി. പരിഗണിക്കുന്നത്. മാര്‍ഗരേഖ അനുസരിച്ച് മാത്രമേ സി.എ.ജിക്ക് പ്രവര്‍ത്തിക്കാനാകൂ. സി.എ.ജി. ലോകവ്യാപകമായ സ്ഥാപനമാണ്. സി.എ.ജി. വിവരാവകാശനിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനമാണ്. വിവരാവകാശനിയമം വഴി സമീപിച്ചാല്‍ വിവരങ്ങള്‍ നല്‍കേണ്ടിവരും. ഇതാണു റിപ്പോര്‍ട്ട് ചോര്‍ന്നതായി വ്യഖ്യാനിക്കപ്പെട്ടത്. ഇക്കാര്യം പ്രധാനമന്ത്രി ബോധ്യപ്പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. അധികാരപരിധി വിട്ട് എന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ അതെന്താണെന്ന് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടാനായി താന്‍ വെല്ലുവിളിക്കുകയാണെന്ന് റായ് പറഞ്ഞു. ഉത്തരഖണ്ഡിലെ വികസനം പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്നതാണെന്ന് മൂന്ന് റിപ്പോര്‍ട്ടുകള്‍ സിഎജി സര്‍ക്കാരിന് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യാതൊരു നടപടി എടുക്കുവാനും ഇവര്‍ തയ്യാറായിട്ടില്ല. വരാന്‍പോകുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് തനിക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയം തന്റെ തട്ടകമല്ലെന്നും റായ് പറഞ്ഞു. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച പുതുതലമുറ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: