ഫോര്‍ട്ടലേസ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനല്‍ പോരാട്ടം കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം. കഴിഞ്ഞ യൂറോ 2012-ന്റെ ഫൈനലില്‍ ഇറ്റലിയും സ്പെയിനുമായിരുന്നു ഏറ്റുമുട്ടിയത്. ഈ ടീമുകളാണ് ഇത്തവണത്തെ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ രണ്ടാം സെമിഫൈനലിലും കൊമ്പുകോര്‍ക്കുന്നത്. യൂറോ 2012ന്റെ ഫൈനലില്‍ സ്പെയിന് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്താണ് കിരീടം നിലനിര്‍ത്തിയത്. ഇറ്റലിക്കെതിരായ സ്പെയിനിന്റെ ഏറ്റവും മികച്ച വിജയമായിരുന്നു ഇത്. ഈ പ്രകടനം ആവര്‍ത്തിക്കാനായി സ്പെയിനും പകരം വീട്ടാന്‍ ഇറ്റലിയും കച്ചമുറുക്കുന്നതോടെ മത്സരം തീപാറുമെന്നുറപ്പാണ്.
തുടര്‍ച്ചയായി രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും സ്വന്തമാക്കിയ സ്പാനിഷ് ചെമ്പട കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പുമായാണ് ബ്രസീലിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഉജ്ജ്വല വിജയവുമാണ് സ്പെയിന് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ താഹിതിയെ മറുപടിയില്ലാത്ത പത്ത് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കും കീഴടക്കി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിന് സെമിയില്‍ പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് സ്പെയിന് 15 ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
മറുവശത്ത് ഗ്രൂപ്പ് എയില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി സെമിയില്‍ പ്രവേശിച്ചത്. മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ജപ്പാനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയ അസൂറികള്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീലിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ ഇറ്റലി 10 ഗോളുകള്‍ നേടിയപ്പോള്‍ എട്ടെണ്ണം വഴങ്ങി. മേജര്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് ആദ്യ റൗണ്ടില്‍ ഇറ്റലി ഇത്രയധികം ഗോളുകള്‍ വഴങ്ങുന്നത്.
അതേസമയം ഇന്നത്തെ പോരാട്ടത്തില്‍ പ്രമുഖ താരങ്ങളുടെ പരിക്കാണ് ഇരു ടീമുകളെയും അലട്ടുന്നത്. സ്പാനിഷ് നിരയില്‍ റോബര്‍ട്ടോ സൊള്‍ഡാഡോയും സെസ് ഫാബ്രഗസും പരിക്കിന്റെ പിടിയിലാണ്. നൈജീരിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇരുവരെയും രണ്ടാം പകുതിയില്‍ തിരിച്ചുവിളിച്ചിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ഇരുവരും കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. അങ്ങനെ വന്നാല്‍ ഫെര്‍ണാണ്ടോ ടോറസിനൊപ്പം ജുവാന്‍ മാട്ടയോ ഡേവിഡ് വിയയോ ആയിരിക്കും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യം വെക്കുന്ന ടോറസ് തന്നെയായിരിക്കും ഇന്നത്തെ മത്സരത്തില്‍ സ്പെയിനിന്റെ കുന്തുമന. മൂന്ന് ഗോള്‍ നേടിയ ഡേവിഡ് വിയയും രണ്ട് ഗോളുകള്‍വീതം നേടിയ ജോര്‍ഡി ആല്‍ബയും ഡേവിഡ് സില്‍വയും സ്പെയിനിന്റെ കരുത്താണ്.
കരുത്തുറ്റ മധ്യനിരയാണ് സ്പെയിന്റെ ശക്തിദുര്‍ഗം. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായ സാവി, ആന്ദ്രെ ഇനിയേസ്റ്റ എന്നിവര്‍ക്കൊപ്പം സാന്റി കാസറോളയും ബസ്ക്വറ്റസും ഇറങ്ങുന്നതോടെ മധ്യനിരയില്‍ കളി മെനയാന്‍ ചെമ്പടക്ക് ബുദ്ധിമുട്ടുണ്ടാവില്ല.
അതുപോലെ മികച്ച പ്രതിരോധനിരയും കാളക്കൂറ്റന്മാര്ക്ക് സ്വന്തമാണ്. സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും ജോര്‍ഡി ആല്‍ബയും ആര്ബിയോളയുമായിരിക്കും ഇറ്റാലിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ കോട്ടകെട്ടുക. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ചെമ്പടയുടെ ഗോള്‍ വലയം കാത്തത് ഇകര്‍ കസിയസ്, പെപ്പെ റെയ്ന, വിക്ടര്‍ വാല്‍ഡസ് എന്നിവരായിരുന്നു. എന്നാല്‍ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ ഗോളിയും ക്യാപ്റ്റനുമായ ഇകര്‍ കസിയസ് വല കാക്കാനിറങ്ങുമെന്നാണ് കോച്ച് വിന്‍സന്റ് ഡെല്‍ ബോസ്ക് നല്കുന്ന സൂചന.
അതേസമയം ഇറ്റാലിയന്‍ ടീമും പരിക്കിന്റെ പിടിയിലാണ്. സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി ഇന്ന് കളിക്കില്ല. കഴിഞ്ഞ ദിവസം പരിക്കേറ്റ ബലോട്ടെല്ലി വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ബെലോട്ടെല്ലിക്ക് പകരം ആല്‍ബര്‍ട്ടോ ഗീലാര്ഡീനോയായിരിക്കും സ്ട്രൈക്കറുടെ റോളില്‍ ഇറങ്ങുക. അതേസമയം മധ്യനിരയില്‍ പ്ലേ മേക്കറായ ആന്ദ്രെ പിര്‍ലോയും പരിക്കിന്റെ പിടിയിലാണ്. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും പിര്‍ലോ ഇന്ന് കളിക്കുമെന്നാണ് സൂചന. അതേസമയം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന ഡി റോസി ഇന്ന് ടീമില്‍ മടങ്ങിയെത്തുമെന്നത് അസൂറികള്‍ക്ക് ആത്മവിശ്വാസം നല്കുന്നു. ബ്രസീലിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പരിക്കേറ്റ റിക്കാര്‍ഡോ മോണ്ടിവിലോയും ഇന്ന് കളിക്കാനിറങ്ങുമെന്നാണ് സൂചന.
എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയെന്ന് പേരുകേട്ട ഇറ്റലി കഴിഞ്ഞ മത്സരങ്ങളില്‍ ധാരാളം ഗോളുകള്‍ വഴങ്ങിയത് കോച്ച് പ്രാന്‍ഡെല്ലിയെ ഏറെ അലട്ടുന്നുണ്ട്. കഴിഞ്ഞ 37 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുര്‍ബലമായ പ്രതിരോധമാണ് ഇന്ന് ഇറ്റലിക്കുള്ളത്. അതുപോലെ ലോകത്തിലെ ഏറ്റവും മികച്ച ഗോള്കീപ്പര്മാരിലൊരാളായിരുന്ന ബഫണും പഴയ ഫോമിന്റെ നിഴലിലാണ്.
അതുപോലെ കണക്കുകളിലെ കളിയിലും സ്പാനിഷ് ചെമ്പടക്കാണ് മുന്‍തൂക്കം. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ചെമ്പട വിജയം സ്വന്തമാക്കിയപ്പോള്‍ ഇറ്റലിക്ക് ഒരു വിജയം മാത്രമാണ് സ്വന്തമായത്. നാലെണ്ണം സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: