തിരുവല്ല: ഓര്‍മ്മയും മറവിയും മനസ്സിന്റെ താളം തെറ്റിക്കുന്നെങ്കിലും അമ്മ അവര്‍ക്ക് താരാട്ടാണ്, സാന്ത്വനമാണ്. അമ്മയെ പിരിഞ്ഞിരിക്കാനവര്ക്കാവില്ല. മൂന്നുവട്ടം അമ്മയെഅവര് കൊണ്ടുപോയി. അമ്മയില്നിന്നകന്നു കഴിയാനാവാതെ അവര്‍ പിന്നെയും അമ്മയെ കൂട്ടിക്കൊണ്ടുവന്നു. തീരാസങ്കടങ്ങളിലേക്ക്; എങ്കിലും അവര്‍ ഒന്നിച്ചാണ്.
തിരുവല്ല കറ്റോട് എഴുമാഞ്ചേരി വടക്കേതില്‍ സാറാമ്മയെ സ്നേഹിക്കുന്ന മക്കള്‍ മൂവര്‍ക്കും പക്ഷേ സമ്പൂര്‍ണ ആരോഗ്യമുള്ള മനസ്സില്ല. അമ്മ സാറാമ്മക്ക് മനസ്സിന്റെ സമതാളം എന്നോ നഷ്ടമായി.ഭര്‍ത്താവ് സ്കറിയ നേരത്തേ മരിച്ചു. അനാഥമായ കുടുംബത്തെസഹായിക്കാന്‍ ആരൊക്കെയോ പണ്ടു ശ്രമിച്ചിരുന്നു.ഇതിനായി സാറാമ്മയെ ഏതോ അഗതിമന്ദിരത്തിലാക്കിയിരുന്നു. പക്ഷേ അമ്മയെ പിരിഞ്ഞിരിക്കുവാന്‍ മക്കള്‍ക്ക് കഴിയാതെ വരികയുംമക്കളുടെ ആരോഗ്യനില മോശമാവുകയും ചെയ്തതോടെ സാറാമ്മയെ തിരികെ കൊണ്ടുവരേണ്ട അവസ്ഥയിലായി.
“അമ്മയെ അവര്‍ ഞങ്ങളില്‍നിന്നും അകറ്റി. അമ്മയെ അവര്‍ കൊണ്ടുപോയത് മൂന്നുതവണയാണ്. പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അമ്മയ്ക്കും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അമ്മയെ തിരികെ കൊണ്ടുവന്നു,” അബോധത്തിലോ അര്ത്ഥബോധത്തിലോ എന്നറിയാത്ത വിധം അവ്യക്തമായി ആ മക്കള്‍ അമ്മയെക്കുറിച്ചു പറയുകയാണ്.
സാറാമ്മയ്ക്ക് മൂന്ന് ആണ് മക്കളാണുള്ളത്. മൂന്നും മനോരോഗികള്‍. നാല്‍പ്പത്തിയഞ്ച് വയസ്സായ മൂത്തമകന് വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിന്റെ മനോനിലയിലെ അസാധാരണത്വങ്ങള്കൊണ്ട്ഭാര്യ ഉപേക്ഷിച്ചുപോയി. 35 വയസ്സുള്ള ബിജോയിയ്ക്കും 32 വയസ്സുള്ള വിനോദിനും വളരെ ചെറുപ്പം മുതല്‍ തന്നെ മാനസികാരോഗ്യം കുറവായതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും നാലും അഞ്ചും ക്ലാസ്സുകളേ പഠിച്ചിട്ടുള്ളു. പഠനകാലത്തുതന്നെ പ്രശ്നങ്ങളുണ്ടായതാണ് കാരണം.
ഈ അമ്മയും മക്കളും അന്തിയുറങ്ങുന്നത് കവിയൂര്‍ പുഞ്ചപ്പാടത്തിന്റെ ചിറയിലാണ്. നാല് ചരടില്‍ പടുത വലിച്ചുകെട്ടി മുകളിലും വശങ്ങളിലും ഓല ചാരിവച്ചുണ്ടാക്കിയ പാര്‍പ്പിടത്തില്‍. പലരും സഹായിച്ചു കിട്ടുന്ന പണം കൊണ്ട് വാങ്ങുന്ന അരിയും പച്ചക്കറിയും വലിയൊരു പാത്രത്തില്‍ ഒന്നിച്ചു വേവിക്കും. നാലുപേരടങ്ങുന്ന കുടുംബത്തിന് രണ്ടാഴ്ചത്തേക്കിതുമതി. അതു കേടാകുന്നതോ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളോ ഒന്നും ഇവര്‍ക്ക് കാര്യമല്ല.
മഴ കനത്തു, കാറ്റത്ത് വീടു പറന്നുപോയി. വെള്ളപ്പൊക്കംകൂടി ആയപ്പോള്‍ അമ്മയെയും മക്കളെയും ഇടക്കാട് ഗവ. യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടേതായി 93 സെന്റ് സ്ഥ്ലമുണ്ട്. പക്ഷേ, അത് മരിച്ചുപോയ സ്കറിയയുടെ പേരിലാണ്. അതും വില്ലേജ് രേഖകളില്‍ കൃഷിയിടവുമാണ്. കൃഷിയിടത്തില്‍ വീട് വയ്ക്കുവാന്‍ അനുവാദമില്ല. മരിച്ച ആളുടെ പേരിലുള്ള ഭൂമിയില്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും കഴിയില്ല. ഇക്കാരണം പറഞ്ഞ് പഞ്ചായത്ത് അധികൃതരും കൈയൊഴിയുന്നു.
ദാരിദ്രവും ദു:ഖവും അനാഥത്വവും ഒരുപോലെപേറി ഈ അമ്മയും മക്കളും ജീവിതം തള്ളിനീക്കുകയാണ്. ദുരിതാശ്വാസക്യാമ്പിലെത്തിയ മന്ത്രി അടൂര്‍ പ്രകാശിനെ വില്ലേജ് ഓഫീസര്‍ വിവരം ധരിപ്പിച്ചെങ്കിലും വിഷയം പഠിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തി മന്ത്രിയും കൈയൊഴിഞ്ഞു. സ്നേഹം കൂട്ടിക്കൊളുത്തിയ ഈ മനസ്സുകള്ക്കുപക്ഷേ അതൊന്നും അത്രകാര്യമേയല്ല. ആശ്രിതരില്ലാതെ ജീവിക്കുവാന്‍ കഴിയാത്ത ഇവര്‍ക്കു തുണയാകാന്‍ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ വരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
എം. ആര്. അനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: