ഫോര്‍ട്ടലേസ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക്. ചാമ്പ്യന്മാരെ തീരുമാനിക്കാന്‍ ഇനി മൂന്ന് കളികളാണ് അവശേഷിക്കുന്നത്. ഇതില്‍ ആദ്യ സെമിഫൈനല്‍ ഇന്ന് അരങ്ങേറും. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും ഉറുഗ്വെയുമാണ് ആദ്യ സെമിയില്‍ കൊമ്പുകോര്‍ക്കുന്നത്. നാളെ നടക്കുന്ന രണ്ടാം സെമയില്‍ യൂറോപ്യന്‍ പോരാട്ടമാണ്. മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലിയും നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനുമാണ് നാളത്തെ ആവേശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ കളിക്കുന്ന നാല് ടീമുകളും ലോകകപ്പ് നേടിയവരാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ ഫൈനലില്‍ ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ പോരാട്ടത്തിന് കളമൊരുങ്ങി.
ഇന്നത്തെ ആദ്യ സെമിയില്‍ വിജയിച്ചാല്‍ ബ്രസീലിന്റെ അഞ്ചാം കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാവും ഇത്. 2005ലും 2009ലും കിരീടം ചൂടിയ കാനറികള്‍ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചാണ് സ്വന്തം മണ്ണില്‍ ഉറുഗ്വെക്കെതിരായ സെമിഫൈനലിനിറങ്ങുന്നത്. 1997ലും ബ്രസീലാണ് കിരീടം നേടിയത്. 1999-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും മെക്സിക്കോയോട് പരാജയപ്പെട്ടു. 2001ല്‍ സെമിയില്‍ കളിച്ചെങ്കിലും കാനറികള്‍ നാലാം സ്ഥാനത്തായി. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഉറുഗ്വെയുടെ രണ്ടാം സെമിയാണിത്. 1997-ല്‍ സെമിയില്‍ കളിച്ച ഉറുഗ്വെക്ക് നാലാം സ്ഥാനമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ഇരു ടീമുകളും തമ്മില്‍ ഇതിന് മുന്‍പ് 70 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 32 തവണ വിജയം ബ്രസീലിന് സ്വന്തമായപ്പോള്‍ ഉറുഗ്വെക്ക് 19 മത്സരങ്ങളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഏറ്റവും ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും വിജയം ബ്രസീലിനൊപ്പമായിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലാണ് അവസാനം ബ്രസീലും ഉറുഗ്വെയും ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കാനറികള്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഇത്തവണ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് കാനറികള്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജപ്പാനെ 3-0നും രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0നും അവസാന മത്സരത്തില്‍ ഇറ്റലിക്കെതിരെ 4-2നും പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതായി സെമിയില്‍ പ്രവേശിച്ചത്.
ഒാരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ബ്രസീലിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധകരുടെ ആര്പ്പുവിളിയില് നെയ്മറും സംഘവും കളത്തിലിറങ്ങുമ്പോള്‍ അവരെ തടയുക എന്നത് ഉറുഗ്വെ പ്രതിരോധത്തിന് കനത്ത തലവേദനതന്നെയാണ്. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കനായ നെയ്മറെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടാല്‍ ഉറുഗ്വെയുടെ കാര്യം കഷ്ടത്തിലാകും.
പ്രതിരോധനിരയിലെ കരുത്തന് തിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോളടിച്ച സൂപ്പര്‍താരം നെയ്മര്‍ തന്നെയായിരിക്കും ഉറുഗ്വെക്ക് തലവേദന സൃഷ്ടിക്കുക. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും അസാമാന്യമികവാണ് നെയ്മര്‍ പ്രകടിപ്പിക്കുന്നത്. ജപ്പാനെതിരെയും മെക്സിക്കോക്കെതിരെയും നേടിയ ഉജ്ജ്വല ഗോളുകള്‍ മാത്രം മതി നെയ്മറിന്റെ പ്രതിഭയെ അളക്കാന്‍. ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രീകിക്കിലൂടെ നേടിയ ഗോളും ഉജ്ജ്വലമായിരുന്നു. നെയ്മറിനൊപ്പം ഫ്രെഡും പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകള്‍ നേടിയ ജോയും എതിരാളികള്‍ക്ക് കനത്ത ഭീഷണിയാണ്.
മധ്യനിരയില്‍ കളംനിറഞ്ഞു കളിക്കുന്ന ഹള്‍ക്കും ഓസ്കറും പൗളിഞ്ഞോയും ഗുസ്താവോയുമായിരിക്കും കളിനിയന്ത്രിക്കേണ്ട ചുമതല ഏറ്റെടുക്കുക. പ്രതിരോധനിരയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധത്തില്‍ ഡാനി ആല്‍വ്സ്, ഡേവിഡ് ലൂയിസ്, മാഴ്സലോ എന്നിവരായിരിക്കും അണിനിരക്കുക. വിംഗുകള്‍ക്കൂടിയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡാനി ആല്‍വ്സും മാഴ്സെലോയുമായിരിക്കും. ഗോള്‍വലയം കാക്കാന്‍ ചോരാത്ത കൈകളുമായി ജൂലിയോ സെസാറും ഇറങ്ങുന്നതോടെ ബ്രസീല്‍ വലയില്‍ പന്തെത്തിക്കാന്‍ ഉറുഗ്വെക്ക് ഏറെ പണിപ്പെടേണ്ടിവരും.
മറുവശത്ത് ഉറുഗ്വെയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ നൈജീരിയയെയും താഹിതിയെയും പരാജയപ്പെടുത്തിയാണ് ഉറുഗ്വെ സ്പെയിനിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടിയ ആബേല്‍ ഹെര്‍ണാണ്ടസും മൂന്ന് ഗോളുകള്‍ നേടിയ ലൂയി സുവരാസും എഡിസണ് കവാനിയുമാണ് ഉറുഗ്വെ ആക്രമണങ്ങളുടെ കുന്തമുന. ഒപ്പം വെറ്ററന്‍ താരം ഡീഗോ ഫോര്‍ലാന്റെ സാന്നിധ്യവും ഉറുഗ്വെക്ക് മുതല്‍ക്കൂട്ടാണ്.
ക്യാപ്റ്റന്‍ ഡീഗോ ലുഗാനോ നയിക്കുന്ന പ്രതിരോധവും ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. ലുഗാനോക്കൊപ്പം ഡീഗോ ഗോഡിനും മാക്സി പെരേരയും മാര്ട്ടിന് കാസറസുമായിരിക്കും ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ആദ്യ ഇലവനില്‍ ഇറങ്ങുക. എന്നാല്‍ മധ്യനിരയില്‍ ഉറുഗ്വെക്ക് കരുത്തുപോരാ. മാര്ട്ടിന് റോഡ്രിഗസും ആല്‍വാരോ ഗൊണ്‍സാലസും ഉള്‍പ്പെടുന്ന മധ്യനിര ഇതുവരെ യഥാര്‍ത്ഥ ഫോമിലേക്കെത്തിയിട്ടില്ല. ഈ കുറവുകള്‍ പരിഹരിച്ച് ഉറുഗ്വെ ടീം ഇന്ന് കാനറികള്‍ക്കെതിരെ പൊരുതാന്‍ ഇറങ്ങിയാല്‍ മത്സരം തീപാറുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: