കൊച്ചി: ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി. രാധാകൃഷ്ണനെ ഇഎസ്ഐ കോര്പ്പറേഷന് മെമ്പറായി നിയോഗിച്ചുകൊണ്ട് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര തൊഴില്‍വകുപ്പുമന്ത്രി ചെയര്‍മാനായുള്ള ഇഎസ്ഐ കോര്‍പ്പറേഷനില്‍ തൊഴിലാളി പ്രതിനിധിയായിട്ടാണ് വി. രാധാകൃഷ്ണനെ നിയോഗിച്ചിട്ടുള്ളത്. തൊഴിലാളി-തൊഴിലുടമാ-സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ത്രികക്ഷി സമിതിയാണ് കോര്‍പ്പറേഷന്റെ നയപരമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. നാലുവര്‍ഷമാണ് കമ്മറ്റിയുടെ കാലാവധി. ഒന്‍പത് കോടിയില്‍പ്പരം ഗുണഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ഇഎസ്ഐ.
ബിഎംഎസ് മുഴുവന്‍ സമയ പ്രവര്‍ത്തകനായ വി. രാധാകൃഷ്ണന് നിരവധി യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ പരിശീലനപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ബിഎംഎസ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി, തൃശൂര്‍ ജില്ലാ സെക്രട്ടറി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ബിഎംഎസ് സംസ്ഥാന ഖജാന്‍ജിയായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: