റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ ലൈനപ്പ് തയ്യാറായി. നാളെ നടക്കുന്ന ആദ്യ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വെയുമായും വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനും കരുത്തരായ ഇറ്റലിയും തമ്മില്‍ കൊമ്പുകോര്‍ക്കും.
ഗ്രൂപ്പ് ബിയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ താഹിതിയെ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഉറുഗ്വെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഉറുഗ്വെക്ക് വേണ്ടി ഹെര്‍ണാണ്ടസ് നാലും ലൂയി സുവാരസ് രണ്ടും ഗോളുകള്‍ നേടിയപ്പോള്‍ ഡീഗോ പെരസും നിക്കോളാസ് ലൊഡിറോയും ഓരോ ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്പെയിനിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഉറുഗ്വെ അവസാന നാലില്‍ ഇടംപിടിച്ചത്.
അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിനിനോട് 3-0ന് തോറ്റ നൈജീരിയ സെമി കാണാതെ പുറത്തായി. സ്പെയിനിന് വേണ്ടി ജോര്‍ഡി ആല്‍ബ രണ്ടും ഫെര്‍ണാണ്ടോ ടോറസ് ഒരു ഗോളും നേടി.
താഹിതിക്കെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഉറുഗ്വെയുടെ ആബേല്‍ ഹെര്‍ണാണ്ടസ് ഗോള്‍മഴക്ക് തുടക്കമിട്ടു. പിന്നീട് 24-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തും 67-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമാണ് ഹെര്‍ണാണ്ടസ് താഹിതി വലകുലുക്കിയത്. 27-ാം മിനിറ്റിലാണ് ഡീഗോ പെരസ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഉറുഗ്വെ 4-0ന് മുന്നിലായിരുന്നു. പിന്നീട് 61-ാം മിനിറ്റില്‍ നിക്കോളാസ് ലോഡിറോയും 82, 90 മിനിറ്റുകളില്‍ സൂപ്പര്‍ താരം ലൂയി സുവരാസും താഹിതി വല കുലുക്കിയതോടെ ഉറുഗ്വെയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
അതേസമയം സ്പെയിന്-നൈജീരിയ മത്സരം തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ളവരുടെ പോരാട്ടമായിരുന്നു. എന്നാല്‍ മൂന്നാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിലൂടെ സ്പാനിഷ് ചെമ്പട ലീഡ് നേടി. സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി കുതിച്ചുകയറി എതിര്‍ബോക്സില്‍ പ്രവേശിച്ച ആല്‍ബ തന്നെ വളഞ്ഞുവെച്ച നൈജീരിയന്‍ താരങ്ങളെ വകഞ്ഞുമാറ്റി ഇടംകാലുകൊണ്ട് പന്ത് വലയിലെത്തിച്ചു. മതൊട്ടുപിന്നാലെ ഗോള്‍ മടക്കാനുള്ള നൈജീരിയയുടെ ശ്രമം സ്പെയിന് ഗോളി വിക്ടര്‍ വാല്‍ഡസ് വിഫലമാക്കി. തുടക്കത്തിലെ തുല്യശക്തികളുടെ പോരാട്ടത്തിനുശേഷം സ്പെയിന് മത്സരത്തില്‍ ആധിപത്യം നേടി. അധികം വൈകാതെ ഇനിയേസ്റ്റയുടെ ഒരു ശ്രമം നൈജീരിയന്‍ ഗോളി വിഫലമാക്കി. ടിക്കിടാക്ക ശൈലിയില്‍ ഇനിയേസ്റ്റയും സാവിയും ജോര്‍ഡി ആല്‍ബയും ആര്ബിയോളയും കളംവാണതോടെ നൈജീരിയക്കാര്‍ പലപ്പോഴും പന്ത് കിട്ടാതെ വിഷമിച്ചു. പന്ത് കിട്ടിയപ്പോഴൊക്കെ നൈജീരിയന്‍ ആക്രമണത്തെ മുളയിലേ നുള്ളാനും ചെമ്പടക്ക് കഴിഞ്ഞു. ആദ്യപകുതിയില്‍ സ്പെയിന് 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും പന്തിന്മേല് ആധിപത്യം തുടര്‍ന്ന സ്പെയിനിന് ലീഡ് ഉയര്‍ത്താന്‍ 62-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ പെഡ്രോ നല്കിയ അളന്നുമുറിച്ച ക്രോസ് ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടോ ടോറസ് നൈജീരിയന്‍ വലയിലെത്തിച്ചു. ടൂര്‍ണമെന്റില്‍ ടോറസിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. പിന്നീട് 88-ാം മിനിറ്റില്‍ സ്പെയിന് മൂന്നാം ഗോള്‍ നേടി. സ്വന്തം ബോക്സിനടുത്തുനിന്ന് ഡേവിഡ് വിയ നീട്ടിയടിച്ച പന്ത് ആല്‍ബക്ക് കിട്ടുമ്പോള്‍ നൈജീരിയന്‍ താരങ്ങളൊന്നും സമീപത്തുണ്ടായിരുന്നില്ല. പന്ത് പിടിച്ചെടുത്ത് നൈജീരിയന്‍ ബോക്സിലേക്ക് ഓടിക്കയറിയ ആല്‍ബ അഡ്വന്‍സ് ചെയ്ത് കയറിയ ഗോളിയെയും കബളിപ്പിച്ചശേഷം സുന്ദരമായി വലയിലേക്ക് തട്ടിയിട്ടു. ഇതിനിടെ ചില മുന്നേറ്റങ്ങള്‍ നൈജീരിയന്‍ താരങ്ങള്‍ നടത്തിയെങ്കിലും സ്പാനിഷ് ഗോളി വിക്ടര്‍ വാല്‍ഡസിന് മുന്നില്‍ അവയെല്ലാം നിഷ്ഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: