കാബൂള്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുമായി നടത്താനുദ്ദേശിക്കുന്ന ഖത്തര്‍ ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത താലിബാന്‍ നിരസിച്ചു. അമേരിക്കയുമായും അഫ്ഗാനിസ്ഥാനുമായും സമാധാനചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഖത്തറില്‍ തുറന്ന താലിബാന്റെ ഓഫീസിന് നേരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ച റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനിടെ താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് അമേരിക്കയുടെ പ്രത്യേകപ്രതിനിധി ജെയിംസ് ഡോബിന്‍സ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തറിലുള്ള യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും താലിബാന്‍ പ്രതിനിധികളുമായുളള കൂടിക്കാഴ്‌ച്ച. താലിബാനുമായുള്ള ചര്‍ച്ചയുടെ പേരില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന അഫ്ഗാനിസ്ഥാന് അനുകൂലമായ പ്രസ്താവനയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ചര്‍ച്ച നടത്തേണ്ടത് പ്രധാനമായും പ്രസിഡന്റ് ഹമിദ് കര്‍സായിയും താലിബാനും തമ്മിലാണെന്നും അതിന് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നുമാണ് അമേരിക്ക വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങള്‍ക്ക് തങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അമേരിക്ക പറഞ്ഞു.
സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയ്‌ക്ക് താലിബാന്റെ കാര്യത്തില്‍ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കര്‍സായി കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് എല്ലാ സുരക്ഷാ ചര്‍ച്ചകളും നിര്‍ത്തിവയ്‌ക്കുകയാണെന്നും കര്‍സായി പ്രഖ്യാപനം നടത്തിയിരുന്നു.
അടുത്തവര്‍ഷം നാറ്റോ സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിടുന്ന സാഹചര്യത്തില്‍ സുരക്ഷാസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താലിബാനുമായി അമേരിക്ക ചര്‍ച്ചക്ക് തയ്യാറാകുന്നത്. ഖത്തറില്‍ ഓഫീസ് തുറക്കുന്നത് ഒദ്യോഗികമായ ചര്‍ച്ചകള്‍ക്ക് സഹായകമാകുമെന്നാണ് അമേരിക്കയുടെ നിലപാട്.
എന്നാല്‍ ഖത്തറില്‍ താലിബാന്‍ തുറന്ന പുതിയ ഓഫിസിന് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്ന് പേരു നല്‍കിയതും കര്‍സായിയെ ചൊടിപ്പിച്ചിരുന്നു. താലിബാന്‍ ഭരണത്തില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ അഫ്ഗാനിസ്ഥാനികളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ വെളുത്ത കൊടിയെന്നും വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനികള്‍ ഏറെ വെറുത്ത അടയാളവും പതാകയും തന്നെയായിരിക്കും പുതിയ ഓഫീസിന്റേതുമെന്ന് െപേരു വെളിപ്പെടുത്താത്ത താലിബാന്‍ വക്താവ് പറഞ്ഞതായി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1996 മുതല്‍ 2001 വരെ അഫ്്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഉപയോഗിച്ചിരുന്ന അതേ ചിഹ്നമാണിത്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്നത് താലിബാന്റെ അഭിപ്രായമല്ലെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാന്‍ താലിബാന് സ്വന്തമായ പ്രതിനിധികളുണ്ടെന്നും അവരല്ലാതെ ആരു നല്‍കുന്ന വിവരവും താലിബാനുമായി ബന്ധപ്പെട്ടതല്ലെന്നും മുജാഹിദ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക