കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പുരാണ ചിത്രമതില്‍ പലയിടങ്ങളിലും തകര്‍ന്നു. അധികൃതരുടെ അവഗണനയും അനാസ്ഥയും മൂലമാണ് പുരാണചിത്രമതില് കാട് പിടിച്ച് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നത്.
സര്‍വകലാശാലയുടെ മുന്‍വശത്തെ മതിലില്‍ ആറടി പൊക്കത്തിലും 1500 മീറ്റര്‍ നീളത്തിലുമായിട്ടാണ് ചിത്രമതില്‍. പ്രശസ്ത ചിത്രകാരനും സര്‍വകലാശാലയിലെ മ്യൂറല്‍ പെയിന്റിംഗ് അധ്യാപകനുമായിരുന്ന കെ.കെ.സുരേഷാണ് ചിത്രമതില്‍ നിര്‍മിച്ചത്. രാമായണത്തിലേയും മഹാഭാരതത്തിലേയും വേദങ്ങളിലേയുമെല്ലാം സംഭവങ്ങള്‍ സിമന്റിലാണ് നിര്‍മിച്ചിരുന്നത്. ചരിത്രകാരന്മാരേയും വിദ്യാര്‍ത്ഥികളെയും ഏവരേയും ആകര്‍ഷിച്ചിരുന്ന ഈ പുരാണ ചിത്രമതില്‍ വളരെ പ്രശസ്തമായിരുന്നു. പ്രശസ്ത സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചിത്രമതിലിനെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ഇത് സംരക്ഷിക്കേണ്ട പ്രാധാന്യം എടുത്ത് പറയുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ചിത്രമതില്‍ സംരക്ഷിക്കുന്നതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നു. ചില്ല് കവചവും ജനങ്ങള്‍ക്ക് കാണുന്നതിനായി പ്രത്യേക നടപ്പാതയും വിഭാവനം ചെയ്തിരുന്നു. എന്നാല്‍ മാറിമാറി വന്ന സര്‍വകലാശാലാ ഭരണാധികാരികള്‍ ചിത്രമതിലിനോട് തികഞ്ഞ അവഗണനയാണ് പുലര്‍ത്തിയത്. ഇത് മൂലം ചരിത്രപ്രധാനമായ ചിത്രമതില്‍ കാട് കയറിയും മഴയത്ത് പൊളിയുകയും ചെയ്ത് നശിക്കുകയാണ്. ഇടയ്ക്ക് ഒരു ഭാഗം ചില സാമൂഹ്യദ്രോഹികള്‍ പൊളിക്കുകയും ചെയ്തിരുന്നു.
പുരാണ ചിത്രമതിലിന്റെ ദുര്യോഗം തന്നെയാണ് ചിത്രകാരനും സംഭവിച്ചത്. 2006 മുതല്‍ ചിത്രകാരനെ കാണാതായി. ഇദ്ദേഹം എവിടെയുണ്ടെന്ന് ആര്‍ക്കും വിവരമില്ല. പലതവണ ഡ്യൂട്ടിയ്ക്ക് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല മെമ്മോ അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് കെ.കെ.സുരേഷിനെ 2010 ല്‍ സര്‍വകലാശാല പിരിച്ചുവിട്ടു. കലാകാരനും ചിത്രമതിലിനും ഒരേ ദുരന്തമാണുണ്ടായിരിക്കുന്നത്. കെ.കെ.സുരേഷ് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അതോടൊപ്പം ചിത്രമതിലും നശിക്കുന്നു.
പുരാണചിത്ര മതില് സര്‍വകലാശാല സംരക്ഷിക്കാതെ നശിപ്പിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: