ഉന്നതനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം കുറഞ്ഞ ചെലവില്‍ ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൊച്ചിന് മെഡിക്കല്‍ കോളേജ് നിലനില്‍പ്പിനായി രക്ഷകനെ തേടുകയാണ്. വിവാദങ്ങളും അഴിമതിയും അസൗകര്യങ്ങളുമെല്ലാം അരങ്ങ് തകര്‍ക്കുമ്പോഴും വികസന പ്രതീക്ഷയിലാണ് ഈ മെഡിക്കല്‍ കോളേജ്. എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ഒരേയൊരു മെഡിക്കല്‍ കോളേജാണിത്. സാധാരണക്കാരുടെ ഏക പ്രതീക്ഷയായ ഇവിടെ സമീപജില്ലകളില്‍നിന്നുപോലും വിദഗ്ധചികിത്സക്കായി രോഗികളെത്തുന്നുണ്ട്.
കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്) കീഴില്‍ 2000 ലാണ് കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടക്കത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം 2011-12 അധ്യയനവര്‍ഷം മുതല്‍ കേരള സര്‍ക്കാര്‍ പ്രത്യേകമായി സ്ഥാപിച്ച തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സര്‍വകലാശാലയുടെ അധീനതയിലാവുകയും ചെയ്തു. കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഇന്‍ഫോപാര്‍ക്കിന് എതിര്‍വശമായി എച്ച്എംടി കോളനിയില്‍ 60 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ മെഡിക്കല്‍ കോളേജിന് അനന്തസാധ്യതകളാണുള്ളത്. ഒരു ദിവസം അറുനൂറോളം രോഗികളാണ് ഒപി വിഭാഗത്തില്‍ ചികിത്സക്ക് എത്തുന്നത്. വിശാലമായ ആശുപത്രി കെട്ടിടവും വാര്‍ഡുകളും രോഗികള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രികളില്‍ പോലും ലഭിക്കാത്ത സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. എല്ലാ വിഭാഗങ്ങളിലുമായി 500 ഓളം പേരെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യമുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് കിടത്തി ചികിത്സ തികച്ചും സൗജന്യമാണ്. മറ്റുള്ളവരില്‍നിന്നും നാമമാത്രമായ തുക മാത്രമാണ് കിടക്കയ്ക്ക് ഈടാക്കുന്നത്. സാധാരണ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും വ്യത്യസ്തമായി വൃത്തിയും ശുചിത്വവും ഇവിടുത്തെ പ്രത്യേകതയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ്ബാങ്ക് മെഡിക്കല്‍ കോളേജിന്റെ സവിശേഷതയാണ്. ജില്ലയിലെ ഏറ്റവും മികച്ചതും സൗകര്യങ്ങളുള്ളതുമായ ഈ ബ്ലഡ്ബാങ്കില്നിന്നും ദിനംപ്രതി മുപ്പതോളം പേരാണ് വിവിധ ആശുപത്രികളില്‍നിന്നും പ്ലേറ്റ്ലറ്റുകള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെങ്കിലും ഡോ. പോള്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ഓവര്‍ടൈം ജോലിചെയ്താണ് രോഗികള്‍ക്കാവശ്യമായ സഹായങ്ങള്നല്കുന്നത്. ഒരേസമയം നാലുപേരില്‍നിന്ന് രക്തം സ്വീകരിക്കുവാനും ഒരു മണിക്കൂര്‍ കൊണ്ട് എല്ലാത്തരത്തിലുമുള്ള പരിശോധനാഫലം ലഭ്യമാക്കുവാനും കൊച്ചിന് മെഡിക്കല്‍ കോളേജിലെ ബ്ലഡ്ബാങ്കിനാവുന്നുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയില്‍ എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെയും ഓരോ ഡോക്ടര്മാരുണ്ടാവുമെന്നത് സവിശേഷതയാണ്. ജനറല്‍ ആശുപത്രിയില്‍ പോലും ഈ സൗകര്യമില്ല. ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ അത്യാഹിതവിഭാഗവും സജ്ജമാണ്. എക്സ്റേ, സ്കാനിംഗ് സംവിധാനങ്ങള്‍ക്ക് പുറമെ ഓപ്പറേഷന് തിയേറ്ററുകളും സജ്ജമാണ്. ആറ് മൃതദേഹങ്ങള്‍ വരെ ഒരേസമയം പോസ്റ്റുമോര്‍ട്ടം നടത്തുവാനുള്ള സൗകര്യമുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ നല്കി നടത്തുന്ന ഓപ്പറേഷനുകള്‍ വളരെ ചെറിയ തുകക്കാണ് ഇവിടെ നടത്തുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമാണ്. ഇവിടുത്തെ ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റും എടുത്തുപറയേണ്ടതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം വഴിയാണ് രോഗികള്‍ ചികിത്സ തേടുന്നത്. മെഡിക്കല്‍ കോളേജിലും ആശുപത്രികളിലുമായി 200 ഓളം ഡോക്ടര്‍മാരുണ്ട്. 232 സ്ഥിരം നഴ്സുമാരും 175 താല്‍ക്കാലിക ജീവനക്കാരുമാണുള്ളത്. 14 സ്പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളേജ്, കോളേജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് നഴ്സിംഗ്, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിങ്ങനെ നാല് ഘടനകളായിട്ടാണ് പ്രവര്‍ത്തനം.
ഇങ്ങനെ ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഇവിടുത്തെ സൗകര്യങ്ങളെക്കുറിച്ചുള്ള ധാരണകള്‍ വളരെ കുറവാണ്. പുറത്ത് കേള്‍ക്കുന്ന വിവാദങ്ങളാകട്ടെ രോഗികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. ബാഹ്യമായ രാഷ്ട്രീയ ചരടുവലികളും അഴിമതിയും പിടിപ്പുകേടും മൂലം ഈ സ്ഥാപനം തന്നെ ഇന്ന് ഇന്റന്‍സീവ് കീയര്‍ യൂണിറ്റിലായ അവസ്ഥയിലാണ്. ഈയൊരവസ്ഥയിലേക്ക് സ്ഥാപനത്തെ നയിച്ച വിവാദങ്ങള്‍ ഏറെ ഞെട്ടിക്കുന്നതാണ്. അതിനെക്കുറിച്ച് നാളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: