ചാവക്കാട്: കോരിച്ചൊരിയുന്ന മഴയില്‍ മാരിവില്ലിനെ തോല്‍പ്പിക്കുന്ന വര്‍ണക്കാഴ്ചയുമായി നീലക്കോഴികള്‍. ഉപ്പുങ്ങല്‍, ആഞ്ഞിലക്കാട് പ്രദേശങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ നൂറുകണക്കിന് ഏക്കര്‍ പുഞ്ചപ്പാടങ്ങളില്‍ കൂട്ടമായി വന്നിറങ്ങിയ നീലക്കോഴികള്‍ മണ്‍സൂണിലെ മനസ് കുളിര്‍ക്കുന്ന കൗതുകമാവുകയാണ്.
കൊളക്കോഴി, താമരക്കോഴി, വാലന്‍ താമരക്കോഴി എന്നിവയുടെ കുടുംബത്തില്‍പ്പെട്ടതാണ് പര്‍പ്പിള്‍ മൂര്സൈന് എന്നറിയപ്പെടുന്ന നീലക്കോഴികള്‍. നീലയും ഇളംനീലയും കലര്‍ന്ന മയില്‍വര്‍ണമുള്ള ഇവയുടെ തലയിലും കൊക്കിലുമുള്ള ഇവയുടെ തലയിലും കൊക്കിലുമുള്ള കടുംചുവപ്പും വാല്ചിറകിനടിഭാഗത്തെ വെളുപ്പും ആകര്ഷണീയണമാണ്. വെള്ളം നിറഞ്ഞ പാടങ്ങളിലെ കളകളുടെ വിത്തും മൃദുലതണ്ടുമൊക്കെ ആഹാരമായ ഇവക്ക് ചെറുപ്രാണികളും ഇഷ്ടഭോജ്യം തന്നെ.
ചാവക്കാട് പ്രദേശത്തെ ഉപ്പുങ്ങല്‍ ആഞ്ഞിലിക്കാട് പാടങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് ധാരാളമായി കാണുന്ന നീലക്കോഴികള്‍ രാപ്പകലുകള്‍ കഴിയുന്നതും പാടങ്ങളില്‍തന്നെ. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവയുടെ പ്രജനനകാലം. ഒരു സീസണില്‍ ഒരു കോഴി ഏഴ് മുട്ടകള്‍വരെ ഇടും. പാടത്ത് ചണ്ടികള്‍ കൂട്ടി തെരുകപോലെയാക്കി അവയില്‍ മുട്ടയിട്ട് അടയിരിക്കും. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ ഒഴികെ ഇവ സാധാരണമാണെങ്കിലും ഇവിടെ മഴക്കാലത്താണ് പ്രത്യക്ഷപ്പെടുന്നത്. വെള്ളം വറ്റി പാടങ്ങള്‍ വരണ്ടുതുടങ്ങുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രയാവുകയാണു പതിവ്.
നീണ്ട വിരലുകള്‍ നീലക്കോഴിയുടെ പ്രത്യേകതയാണ്. വെള്ളത്തിലെ ചണ്ടികളിലൂടെ നടക്കുമ്പോള്‍ താഴാതിരിക്കാനും തണ്ടുകളും വേരുകളും വലിച്ചെടുക്കാനും നീണ്ട വിരലുകളാണ് സഹായം. അപായസൂചന ലഭിച്ചാല്‍ അടുത്തുള്ള മരങ്ങളിലേക്ക് പറന്നുയരുകയാണ് പതിവ്. പാടങ്ങള്‍ക്ക് നടുവിലെ സുരക്ഷിത സ്ഥാനങ്ങളില്‍ കൂട്ടമായിക്കാണുന്ന ഈ പക്ഷികള്‍ ഒറ്റയായും ഇണയോടൊത്ത് വല്ലപ്പോഴും നിരത്തിലേക്കുവരെ തീറ്റതേടിയെത്താറുണ്ട്. ഈ പക്ഷികളുടെയും പ്രധാന ശത്രു മനുഷ്യന്തന്നെയെങ്കിലും പക്ഷിവേട്ട കുറ്റകരമായതിനാല്‍ അത്തരം ശല്യം ഇപ്പോള്‍ കുറവാണ്. പക്ഷിസംരക്ഷണ കൂട്ടായ്മകളുമായി ഉപ്പങ്ങല്, ആഞ്ഞിലിക്കാട് പ്രദേശങ്ങളിലെ യുവാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
കെ.ജി. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: