കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ രജിസ്ട്രേഷന് പ്രായം 16 ആക്കുന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തപ്പെടേണ്ടതാണെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സര്‍ക്കുലര്‍ മുസ്ലീം സ്ത്രീകളുടെ അവകാശ ബോധത്തെ ചോദ്യം ചെയ്യുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും ആഗ്രഹിക്കുന്നവരാണ് മുസ്ലീം പെണ്‍കുട്ടികളില്‍ ബഹുഭൂരിപക്ഷവും. അതിനാല്‍ ആ ഉത്തരവ് തിരുത്തപ്പെടുകതന്നെ വേണം.
തീര്‍ത്ഥാടന കേന്ദ്രമായ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ബദരീനാഥിലും കുടുങ്ങിയ മലയാളികളെ രക്ഷിക്കുന്നതിനായി കേരള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉത്തരാഖണ്ഡിലും ഹിമാചലിലും ഉണ്ടായത്. ഇവിടങ്ങളില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കാത്ത സംസ്ഥാന സര്‍ക്കാരാണ് ഏറ്റവും വലിയ കുറ്റവാളി. ദുരന്ത നിവാരണം സംബന്ധിച്ച് മന്ത്രിമാര്‍ പറയുന്നത് വസ്തുതയല്ല. കേദാര്‍നാഥിലുള്ള മലയാളികളുടെ ദുരിതം സംബന്ധിച്ച് സ്വാമി ഗുരുപ്രസാദ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പൊട്ടന് കളിക്കുകയാണ്. പല സംസ്ഥാന സര്‍ക്കാരുകളും സ്വന്തം മുന്‍കയ്യില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുമ്പോള്‍ കേരള സര്‍ക്കാര്‍ നിസ്സംഗമായാണ് പ്രശ്നത്തെ കാണുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിരാശാ ജനകമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ചുമതല മറക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: