ബ്രസീലിയ: അഴിമതിക്കും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കുമെതിരെ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. പ്രതിഷേധം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ രൂപം നല്കിയ പരിഷ്കരണ നടപടികള്‍ പ്രസിഡന്റ് ദില്‍മാ റൗസഫ് പ്രഖ്യാപിച്ചു.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ദില്‍മാ റൗസഫ് പരിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതും എണ്ണയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് വിദ്യാഭ്യാസത്തിന് വിനിയോഗിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനായി വിദേശ ഡോക്ടര്‍മാരുടെ സേവനം ഉറപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് പരിഷ്കരണ നടപടികള്‍ക്ക് രൂപം നല്‍കിയത്. സാവോ പോളോയില്‍ യാത്രാനിരക്ക് വര്ധിപ്പിച്ചതിനെതിരേയായിരുന്നു പ്രതിഷേധം തലപൊക്കിയത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റു പല ജനദ്രോഹനടപടികളും ചൂണ്ടിക്കാട്ടി പ്രതിഷേധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
ഇന്നലെ 80 നഗരങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളില്‍ പത്തുലക്ഷത്തോളം പേര് പങ്കാളികളായി. പലേടത്തും പോലീസും പ്രതിഷേധക്കാരും തെരുവ് യുദ്ധത്തിലേര്‍പ്പെട്ടു. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ പ്രസിഡന്റ് ദില്‍മ റൂസഫ് അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു.
വിലക്കയറ്റവും നികുതിഭാരവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴും ഫുട്ബോള്‍ മാമാങ്കങ്ങള്‍ക്കുവേണ്ടി പണംവാരിയെറിയുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും കഴിഞ്ഞയാഴ്ച്ചയാണ് ബ്രസീലില്‍ പ്രക്ഷോഭമാരംഭിച്ചത്. വിമര്‍ശനങ്ങള്‍ക്കു വ്യക്തമായ മറുപടി നല്കാന് ദില്‍മ തയാറാവാത്തതും ജനരോഷം വര്‍ധിക്കുന്നതിന് കാരണമായി.
പ്രമുഖ നഗരമായ റിയോ ഡി ജെയിനെറോയില്‍ ഇന്നലെ മൂന്നു ലക്ഷംപേര്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. പ്രകടനക്കാരിലേറെയും യുവാക്കളായിരുന്നു . പലേടത്തും പ്രതിഷേധം അക്രമാസക്തമായി. പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരും പോലീസ് നടപടിക്ക് ഇരയായി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
സാവോ പോളോയില്‍ പ്രതിഷേധിക്കാരുടെ ഇടയിലേക്ക് ക്ഷുഭിതനായ ഒരാള്‍ കാറോടിച്ച് കയറ്റി. സംഭവത്തില്‍ ഒരു സമരക്കാരന് കൊല്ലപ്പെട്ടു. തലസ്ഥാനമായ ബ്രസീലിയയിലും പ്രക്ഷോഭകാരികളെ തടയാന്‍ പോലീസ് ഏറെപ്പണിപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിലേക്ക് നൂറുകണക്കിനുപേര്‍ ഇരച്ചുകയറി. മന്ത്രാലയത്തിന് പുറത്ത് ചിലര്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. മറ്റ് നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ബെലേം, പോര്‍ട്ട് അല്ഗ്രെ, സാല്‍വദോര്‍ എന്നീ നഗരങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: