തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറുവയസ്സാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. ചില യാഥാസ്ഥിതിക മുസ്ലിംസംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1957 ലെ മുസ്ലിം വിവാഹനിയമം, 2006 ലെ ശൈശവവിവാഹനിരോധന നിയമം എന്നിവ മറിടക്കുന്നതാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസിന്റെ ഉത്തരവ്. ഇതിനെതിരെ സുഗതകുമാരി അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഉത്തരവ് മുസ്ലിം സമുദായത്തിന് ലഭിച്ച ആനുകൂല്യമാണെന്നാണ് തീവ്രമതപക്ഷ സംഘടനകളുടെ അഭിപ്രായം.
നിലവില്‍ സുപ്രീംകോടതിയും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള വിവാഹപ്രായം പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം ആണ്. മുസ്ലിം പെണ്‍കുട്ടികളുടെ ആ അവകാശങ്ങളാണ്ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്. എല്ലാ ജാതിമതസ്ഥരും വിവാഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതാണ് പ്രായം കുറയ്ക്കാന്‍ ഇടയാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം.
പതിനെട്ടുവയസ്സാകാത്തതിനാല് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതു പരിഹരിക്കാനാണത്രെ വിവാഹപ്രായത്തിനുള്ള വയസ്സ് പതിനാറാക്കിയത്. ഇതുമൂലം രജിസ്റ്റര്‍ ചെയ്യാതെ പോയ നിരവധി വിവാഹങ്ങള്‍ക്ക് സാധുത ലഭിക്കുമെന്നും അതുവഴി പല കുടുംബങ്ങള്‍ക്കും നിയമ പരിരക്ഷ ലഭിക്കുമെന്നാണ് ഇവരുടെ പക്ഷം.
വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശൈശവ വിവാഹം നടന്നാലും മതസ്ഥാപനം അത് വയസ്സുകൂട്ടി സാക്ഷ്യ പത്രം നല്കിയാല് രജിസ്റ്റര്‍ ചെയ്തു നല്കണമെന്നര്ത്ഥം.
മുസ്ലിമായതുകൊണ്ട് പ്രത്യേക നിയമത്തില്‍ ഇളവു നല്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ശൈശവ വിവാഹത്തിന്റെ ഗണത്തില്‍ വരുന്നതാണെന്നിരിക്കെ മുസ്ലിം പെണ്‍കുട്ടിയെ മാത്രം അതില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് നല്ല കീഴ്വഴക്കമല്ല സൃഷ്ടിക്കപ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ഈ തീരുമാനം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നാണ് ചില നിയമവിദഗ്ധരുടെ പക്ഷം. നിയമസഭയോടുള്ള അനാദരവായും ചൂണ്ടിക്കാട്ടപ്പെടുന്നു. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് പതിനെട്ടും ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പുതിയ ചട്ടം കൊണ്ടുവന്നു. തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും പാലിച്ചായിരുന്നു ചട്ടനിര്‍മാണം.
മുസ്ലിം പെണ്‍കുട്ടിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഉത്തരവ് കാടത്തമാണെന്നാണ് സുഗതകുമാരി പ്രതികരിച്ചത്. ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: