പള്ളുരുത്തി: കാലവര്‍ഷക്കെടുതിയില്‍ കൊച്ചി താലൂക്കില്‍ 48 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെല്ലാനം പഞ്ചായത്തില്‍ അന്‍പതോളം വീട്ടുകാരെ മാറ്റിതാമസിപ്പിച്ചു. ഇതിനായി കണ്ണമാലി സെന്റ് മേരീസ് സ്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നതായി എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ അറിയിച്ചു. തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനായി ഉടന്‍തന്നെ സാമ്പത്തികസഹായം അനുവദിക്കും. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുവാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കുമെന്ന് കൊച്ചി തഹസില്‍ദാര്‍ സുനില്‍ലാല്‍ പറഞ്ഞു.
വീടുകളില്‍ വെള്ളം കയറി ദുരിതം അനുഭവിക്കുന്നവരെ മാത്രമാണ് ദുരിതാശ്വാസക്യാമ്പില്‍ പ്രവേശിപ്പിക്കുന്നതെന്നും തഹസില്‍ദാര്‍ പറഞ്ഞു. കടലാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധത്തിനായി 50,000 ത്തോളം ചാക്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മണല്‍ നിറച്ച് കടല്‍വെള്ളം കയറുന്നത് തടയുന്നതിനാണ് ചാക്കുകള്‍ നല്‍കുന്നത്. ചാക്കുകളില്‍ മണല്‍ നിറക്കുന്ന ജോലി തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി നടത്തും. ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കാലവര്‍ഷം രൂക്ഷമാകുമ്പോള്‍ നേരിടുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: