ചൊവ്വയില്‍ മലയടിവാരത്തിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം 2008 ജനുവരിയില്‍ പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. നാസയുടെ ചൊവ്വാ പര്യവേഷണവാഹനം അയച്ച ചിത്രങ്ങളിലൊന്നിലായിരുന്നു ഈ അത്ഭുതകരമായ കാഴ്ച്ച. അന്ന് ചൊവ്വയിലെ സ്ത്രീയെക്കുറിച്ച് ചൂടന്‍ ചര്‍ച്ചയാണ് നടന്നത്. ചൊവ്വയില്‍ മലയടിവാരത്ത് കാറ്റുകൊണ്ടിരിക്കുന്ന നഗ്നയായ സ്ത്രീ എന്നു വരെയെത്തി റിപ്പോര്‍ട്ടുകള്‍. എന്തായാലും അധികം താമസിയാതെ വാര്‍ത്ത നാസ നിഷേധിച്ചതോടെ ചൊവ്വയിലെ സ്ത്രീയും അപ്രത്യക്ഷയായി.
അബദ്ധത്തില്‍ പ്രചരിച്ചതെങ്കിലും ആ കഥക്ക് പുതിയ ഒരു വഴിത്തിരിവിന് സാധ്യതയൊരുങ്ങുകയാണ് ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍. സ്ത്രീകള്‍ ഹൃദയം കൊണ്ടു ചിന്തിക്കുന്നവരും ഭീരുക്കളുമാണെന്ന വിലയിരുത്തലുകളൊന്നും നാസ മൈന്‍ഡ് ചെയ്യുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ബഹിരാകാശ യാത്രികരാവാന്‍ നാസക്ക് അപേക്ഷ നല്കിയ 6100 പേരില്‍ നിന്ന് ഒരു സ്ത്രീ പോലും തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. പക്ഷേ അതല്ലല്ലോ സംഭവിച്ചത്. 6100 പേരില്‍ യോഗ്യരെന്ന് നാസക്ക് തോന്നിയത് വെറും എട്ടുപേര്‍ മാത്രമാണ്. അതില്‍ പകുതിപ്പേരും സ്ത്രീകള്‍.
ഇവരുടെ ബഹിരാകാശ ദൗത്യത്തില്‍ ചൊവ്വയുമുണ്ടെന്ന പ്രത്യേകതയുണ്ട്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് പറക്കാനുള്ള പരിശീലനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു ഇവര്‍. ഹൂസ്റ്റണിലെ ജോണ്സണ് സ്പേസ് സെന്ററില്‍ ഓഗസ്റ്റ് മുതല്‍ എട്ടംഗസംഘം പരിശീലനം തുടങ്ങും. ഇപ്പോള്‍ ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയം കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. 49 ബഹിരാകാശ യാത്രികരാണ് നിലവില്‍ പരിശീലനം നടത്തി വരുന്നത്.
കിസ്റ്റിന എം.ഹാമക്ക് (34) ജസീക്ക യു.മെയര്‍ (35) ഔനാപു മാന്‍ (35) ആന്‍ സി.മക്ലെയ്ന് (34) എന്നിവരാണ് നാസയുടെ പുതിയ പട്ടികയില്‍ ഇടംപിടിച്ചവര്‍. നാസയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശ യാത്രികരായി ഇത്രയും സ്ത്രീകള്‍ ഒന്നിച്ച് തെരഞ്ഞെടുക്കപ്പെടുന്നത്. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്ത ഒരു ദൗത്യമാണിത്. അതിനാല്‍തന്നെ ശാരീരികവും മാനസികവുമായി അതികഠിനമായ പരീക്ഷണങ്ങളായിരിക്കും ഇവര്‍ നേരിടാന്‍പോകുന്നത്. എന്നാല്‍ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ ഗൗരവമറിയുന്ന വനിതാസംഘത്തിന് ഒട്ടും കുലുക്കമില്ല.
ചൊവ്വയില്‍ ജീവസാന്നിധ്യം തേടുന്ന പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി നല്കുന്ന വിവരങ്ങള്‍ അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന് ശക്തി പകരുകയാണ്. അമേരിക്കക്കാരിയായ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് ബഹിരാകാശത്തെത്തിയതിന്റെ മുപ്പതാം വാര്‍ഷികദിനത്തിലായിരുന്നു നാസ പകുതിയും സ്ത്രീകളടങ്ങുന്ന പുതിയബാച്ചിന്റെ പ്രഖ്യാപനം നടത്തിയത്. ബഹിരാകാശ മേഖലയില്‍ അമേരിക്കയുടെ അഭിമാനമായ സാലി റൈഡ് കഴിഞ്ഞവര്‍ഷമാണ് അന്തരിച്ചത്.
1963 ജൂണില്‍ ബഹിരാകാശത്തെത്തിയ ആദ്യവനിത വാലന്റീന തെരഷ്ക്കോവ, 1985 ല്‍ആദ്യമായി ബഹിരാകാശത്ത് നടന്ന സ്വെത്ലാന സവിത്സ്ക്കയ, ആദ്യ അമേരിക്കന്‍ വനിത സാലി റൈഡ്, ദൗത്യംപൂര്‍ത്തിയാക്കി ഭൂമിയിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരിയായ കല്‍പ്പന ചൗള, ഏറ്റവുമധികം തവണ ബഹിരകാശത്ത് നടന്ന് റെേക്കോഡ് നേടിയ ഇന്ത്യന്‍വംശജയായ സുനിത വില്യംസ് തുടങ്ങി ബഹിരാകാശ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളേറെയാണ്. ഇതുവരെ 57 സ്ത്രീകളാണ് ബഹിരാകാശത്തെത്തിയത്.
ബഹിരാകാശ മേഖലയില്‍ അതിശയിപ്പിക്കുന്ന സംഭാവനകള്‍ നല്കിയ കല്‍പ്പന ചൗളയും സുനിത വില്യംസും പകര്‍ന്നു നല്കിയ വെളിച്ചത്തില്‍ അപകടകരമെന്ന് കരുതിയ തൊഴില്‍മേഖലകളിലേക്ക് സധൈര്യം കടന്നെത്തി വിജയക്കൊടി പാറിച്ച നൂറ് കണക്കിന് സ്ത്രീകള്‍ രാജ്യത്തുണ്ട്. എന്തായാലും ഇവരുടെ പ്രചോദനത്തില്‍ കഴിവുറ്റ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നതോടെ ചൊവ്വയിലെ സ്ത്രീ സാന്നിധ്യമെന്ന പഴയകഥക്ക് സാധ്യതയേറുകയാണ്. ഒരുപക്ഷേ ചൊവ്വയില്‍ പതിയുന്ന ആദ്യകാല്‍പ്പാടുകള്‍ ഒരു സ്ത്രീയുടേതായാലോ…
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: