നെയ്യാറ്റിന്‍കര ആശുപത്രിയില്‍ മാനസികനില തെറ്റിയ ഒരു പൂര്‍ണഗര്‍ഭിണി നിലവിളിച്ചുകൊണ്ട് ഓടുകയാണ്. ആരും അവരെ സമീപിക്കാന്‍ ധൈര്യപ്പെടുന്നുമില്ല. ഇതു കണ്ടു വന്ന ഒരു നഴ്സ് ധൈര്യപൂര്‍വം അവരെ ബലമായി പിടിച്ചുവലിച്ച് ലേബര്റൂമില് എത്തിച്ചു. അപ്പോള്‍തന്നെ പ്രസവം നടന്നു. അല്‍പ്പം വൈകിയിരുന്നെങ്കില്‍ രണ്ടു ജീവനുകള്‍ നഷ്ടമായേനെ.
സമനില തെറ്റിയ ആ ഗര്‍ഭിണിയെ തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച് രണ്ട് ജീവന് രക്ഷിക്കാനായത് ജീവിതത്തില്‍ മറക്കാനാകാത്ത സംഭവമായി ആ നഴ്സ് കരുതുന്നു. അന്നു കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും സി.രമാദേവി എന്ന ഈ നഴ്സിന് അര്‍ഹമായ അംഗീകാരം നല്കി. ആതുരസേവനരംഗത്തെ മികച്ച സേവനത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി സി.രമാദേവി. ജോലിയിലെ ആത്മാര്‍ത്ഥത, ഉത്തരവാദിത്തബോധം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഈ അംഗീകാരത്തിന്റെ ധന്യതയിലും കൂടുതല്‍ സേവനസന്നദ്ധയാവുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ രമാദേവി.
ബിഎസ്സി നഴ്സിംഗും ജനറല്‍ നഴ്സിംഗില്‍ അഡ്മിനിസ്ട്രേഷനും കഴിഞ്ഞശേഷം 1982-ല്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. നഴ്സിംഗുമായി ബന്ധപ്പെട്ട് സര്‍ക്കാരോ നഴ്സിംഗ് കൗണ്‍സിലോ ഏത് പരിപാടി നടത്തിയാലും അതിലെല്ലാം പങ്കെടുക്കുകയും ആ പരിശീലനത്തിലെ പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ആതുരസേവനം നടത്താന്‍ തയ്യാറാവുകയും ചെയ്തതാണ് ഇത്തരം ഒരു നേട്ടത്തിനു പിന്നിലെന്ന് രമാദേവി പറഞ്ഞു. അച്ഛന് മിലിട്ടറി ഉദ്യോഗസ്ഥനായതാണ് തന്റെ പ്രവര്‍ത്തനമേഖലയില്‍ അര്‍പ്പണമനോഭാവത്തോടെ ജോലിചെയ്യാന്‍ പ്രചോദനമേകിയത്. അച്ഛന്റെ കര്‍ക്കശമായ ശിക്ഷണത്തിനുപുറമെ ഏറ്റെടുക്കുന്ന ജോലി അര്‍പ്പണബോധത്തോടെ ചെയ്യാന്‍ ഉപദേശിച്ചിരുന്നു. മാത്രമല്ല ഏതുജോലി ചെയ്യാനും തയ്യാറാകണമെന്ന് എപ്പോഴും പറയുമായിരുന്നു.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ നിയമവിധേയമായി ലാപ്രോസ്കോപ്പി സേറ്റ്രിലൈസേഷന് (പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയ) വിധേയരാക്കാറുണ്ട്. അക്രമവാസനയുള്ള കുട്ടികളെ ഇതിന് വിധേയരാക്കുക ശ്രമകരമായ ജോലിയാണ്. ഇത്തരത്തിലുള്ള പല കുട്ടികളെയും അനുനയിപ്പിച്ച് ഉപദേശം നല്കി ശാന്തരാക്കി ഓപ്പറേഷന് വിധേയരാക്കാന്‍ കഴിഞ്ഞതും ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങളാണ്.
ആതുരസേവനം മഹത്തായ കര്‍മമാണ്. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ അതുവഴി രക്ഷനേടുന്നത് അനേകായിരം ജീവനുകളാണ്. സ്വന്തം മക്കളെ മുറിയില്‍ പൂട്ടിയിട്ടിട്ട് പോകേണ്ട അവസരം ഉണ്ടായിട്ടും നഴ്സിംഗ്ജോലി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നാല്‍ ജോലിയില്‍ ഉഴപ്പാം എന്നു കരുതി ജോലിചെയ്യാന്‍ എത്തരുതേ എന്നാണ് നഴ്സിംഗ് കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നവരും പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവരുമായ പുതുതലമുറയ്ക്ക് രമാദേവി നല്കുന്ന സന്ദേശം. റിട്ട. അദ്ധ്യാപകനായ സുരേന്ദ്രന് നായരാണ് ഭര്‍ത്താവ്. ഡോ. ലക്ഷ്മിയും മരുമകന് ഡോ. രഞ്ജിത്തും ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്. മകന് ശിവപ്രസാദ് എംടെക് കഴിഞ്ഞ് സി-ഡാക്കില്‍ ജോലി ചെയ്യുന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: