പുസ്തകങ്ങളേയും അക്ഷരസ്നേഹികളേയും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് വായനാദിനം കടന്നുപോകുമ്പോള്‍ ജസിന്ത മോറിസ് ചിരിക്കുന്നു. പ്രകൃതിയേയും അക്ഷരങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ജസിന്തക്ക് അങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. തനിക്ക് അനുഭവവേദ്യമാകുന്ന പ്രകൃതിയെ ജസിന്ത അക്ഷരങ്ങളിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായിരിക്കുന്നു. തിരുവനന്തപുരത്ത് എജി ഓഫീസില്‍ വെല്‍ഫെയര്‍ അസിസ്റ്റന്റായി ജോലി. ഇതിനിടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ എഴുത്തില്‍ സജീവ. ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന തന്നെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില അനുഭവങ്ങളാണ് എഴുത്തുകാരിയാക്കിയതെന്ന് ജസിന്ത പറയുന്നു.
മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിലായി നാല് പുസ്തകങ്ങളാണ് ജസിന്ത രച്ചിച്ചത്. ആദ്യ പുസ്തകമായ ബീഡ്സ് ഓഫ് വിസ്ഡം (beads of wisdom) പ്രകൃതിവര്ണ്ണനയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഇഫ് ദ നൈറ്റ് കുഡ് ടോക്, (if the night could talk), സ്റ്റയേഴ്സ് ടു ഡോണ്‍ (stairs to dawn) എന്നി രണ്ട് പുസ്തകങ്ങള്‍ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും വിവിധ വശങ്ങള് വ്യക്തമാക്കുന്നു.
ജസിന്തയുടെ ഏറെ പ്രത്യേകതയുള്ള പുസ്തകമാണ് വണ്‍ വോയ്സ്, ത്രീ സ്ട്രീംസ് ആന്റ് കോണ്‍ഫ്ലുവെന്‍സ് (one voice ,three streams,and a confluence). ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലുള്ള പുസ്തകത്തില്‍ മൂന്ന് സംസ്കാരങ്ങളുടെ ആശയങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. അഞ്ച് മലയാള കവിതകളുണ്ട് ഈ പുസ്തകത്തില്‍. അരുത് അമ്മേ, ഭൂമിയോളം ക്ഷമ എന്നീ രണ്ട് കവിതകളില്‍ സ്ത്രീ എങ്ങനെയാണ് തന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്ന് വ്യക്തമാക്കുന്നു.
മത്സരങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. സമൂഹത്തില്‍ പിടിച്ചുനില്ക്കണമെങ്കില് അറിവ് വേണം. അതിന് ആദ്യം വേണ്ടത് വായനയാണെന്ന് ജസിന്ത പറയുന്നു. സര്‍ക്കാര്‍ ജോലിയെക്കാള്‍ എഴുത്തുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. മാധവിക്കുട്ടിയും ജയശ്രീ മിശ്രയുമാണ് പ്രിയപ്പെട്ട എഴുത്തുകാര്‍.
സാമൂഹിക സേവനങ്ങള്‍ ചെയ്യാന്‍ ഈ എഴുത്തുകാരി ഇഷ്ടപ്പെടുന്നു. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്.
മദ്യപാനവും സ്ത്രീധനപ്രശ്നവുമാണ് ദാമ്പത്യപ്രശ്നങ്ങള്‍ തകരാന്‍ പ്രധാന കാരണം. കേരളത്തില്‍ ഇപ്പോഴും ജോലിയുള്ള സ്ത്രീകള്‍ കുറവാണെന്ന് ജസിന്ത അഭിപ്രായപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം പൂര്‍ണവും അര്ത്ഥവത്തുമാകുന്നതെന്നും ജസിന്ത പറയുന്നു. പെണ്‍കുട്ടികള്‍ അലക്ഷ്യമായാണ് ജീവിതത്തെ സമീപിക്കുന്നത്. ലിവിങ് ടുഗദര്‍ ഇഷ്ടപ്പെടുന്ന തലമുറയാണ് ഇന്നുള്ളതെന്നും ജസിന്ത ചൂണ്ടിക്കാണിക്കുന്നു.
അമ്മ,പ്രക്യതി,സ്നേഹം,കുടുംബം എന്നിവയെ കുറിച്ചും ജസിന്ത തന്റെ കവിതകളില്‍ പ്രതിപാദിക്കുന്നു. പുതുതലമുറ മാതാപിതാക്കളില്‍ നിന്നും വായനയില്‍ നിന്നും അകലുകയാണെന്ന ആശങ്കയും ജസിന്ത മോറിസ് പങ്ക് വയ്ക്കുന്നു. രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജസിന്ത മോറിസ് എന്ന എഴുത്തുകാരി.
രശ്മി സുഗത
പ്രതികരിക്കാൻ ഇവിടെ എഴുതുക: